Thursday, December 27, 2007

പാലക്കാടിന്റെ സംഗീത വഴികള്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നടന്ന സംഭവമാണ്‌. ചാത്തപുരം അഗ്രഹാരത്തിലെ ഒരു മഠത്തില്‍ ചെമ്പൈയുടെ കച്ചേരി. വലിയങ്ങാടിയിലെ ജൗളിക്കടയുടമ രാമചന്ദ്രയ്യരുടെ മഠത്തില്‍ നടക്കുന്ന് ഒരു ചടങ്ങിനോടനുബന്ധിച്ചായിരുന്നു കച്ചേരി. ചാത്തപുരം ക്ഷേത്രത്തിനു തൊട്ടടുത്തായിരുന്നു മഠം. കച്ചേരി തുടങ്ങേണ്ട സമയം അടുത്തു. ചെമ്പൈയും പരിവാരങ്ങളും എത്തി. അമ്പലത്തില്‍ നിന്നു നാദസ്വരമേളം ഉയര്‍ന്നപ്പോഴാണ്‌ അന്നു അവിടെ വഴിപാടായി ഒരു ഡബ്ബിള്‍ നാദസ്വരക്കച്ചേരി ഉള്ള വിവരം വീട്ടുകാര്‍ അറിയുന്നതു തന്നെ. കച്ചേരി തടസ്സപ്പെടുമെന്നുറപ്പ്‌. മൈക്കൊന്നും ഇല്ലാതിരുന്ന കാലമാണ്‌. ചെമ്പൈയോട്‌ കാണിക്കുന്ന അനാദരവായിപ്പോകുമല്ലോ എന്നോര്‍ത്ത്‌ വീട്ടുകാരും അതിഥികളും ഒരു പോലെ വ്യാകുലരായി. ആരോ പറഞ്ഞു നാദസ്വരക്കച്ചേരി നിറുത്തണം. ചെമ്പൈ വിവരം അറിഞ്ഞപ്പോള്‍ വിലക്കി. അദ്ദേഹം പറഞ്ഞു "സംഗീതം ഏതായാലും അതു ദൈവീകമാണ്‌.അതിനു വിഘ്നം വരുതു‍ന്നത്‌ ദൈവ വിരോധവും. അതുകൊണ്ട്‌ അവര്‍
തുടരട്ടെ. ഞാനും പാടാം." അന്നു ചെമ്പൈയുടെ ശബ്ദം ആ നാദസ്വരത്തിലും മുഴങ്ങിക്കേട്ടു എന്നാണ്‌ പറയുന്നത്‌. വര്‍ണ്ണം പാടി കീര്‍ത്തനത്തിലേക്ക്‌ എത്തിയപ്പോഴെക്കും തലയാട്ടിയും താളം പിടിച്ചും രസിക്കുന്ന ശ്രോതാക്കളുടെ എണ്ണം വല്ലാതെ കൂടിയത്രേ. ഈ കഥ പറഞ്ഞത്‌ ചെമ്പൈയുടെ ശിഷ്യന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിയാണ്‌ .

പാലക്കാടിന്റെ സംഗീത പാരമ്പര്യത്തെക്കുറിച്ച്‌ പറയുവാന്‍ തുടങ്ങുന്ന ഏതൊരാളുടെയും മനസ്സില്‍ എത്തുന്ന് ആദ്യത്തെ പേരു ചെമ്പൈ വൈദ്യനാഥ ഭാഗവതരുടേതു തന്നെയായിരിക്കും എന്നതില്‍ സംശയമില്ല. സംഗീതത്തിന്റെ വേരുകള്‍ തേടിച്ചെല്ലുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും തലമുറകള്‍ എത്ര പുറകിലെക്കു നീളുന്നുവോ അത്ര തന്നെ വൈപുല്യവും വിസ്താരവും പിന്‍തലമുറക്കും ഉണ്ടാവും എന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ്‌ പാലക്കാട്ടെ സംഗീതസ്വാദകര്‍.
പാലക്കാട്‌ ജില്ലക്കു മാത്രം അവകാശപ്പെടാവുന്നതും ഇത്രയും വ്യതിരിക്തവുമായ ശാസ്ത്രീയസംഗീതപാരമ്പര്യത്തിന്റെ അവകാശികള്‍ തലമുറകള്‍ക്കുമുന്‍പ്‌ പാലക്കാട്ടെത്തിയ ,19 അഗ്രഹാരങ്ങളിലായി പരന്നു കിടക്കുന്ന പരദേശിബ്രാഹ്മണര്‍ ആണ്‌ എന്നു ചരിത്രം പറയുന്നു. ഒപ്പം ഒട്ടും പ്രാധാന്യം കുറയാതെ പാലക്കാട്‌ തന്നെ പിറന്നു വളര്‍ന്ന കുറേയേറെ സംഗീതജ്ഞരുടെ പേരുമുണ്ട്‌ എടുത്തുപറയാന്‍.



ചിട്ടപെടുത്തിയ സംഗീതത്തിന്റെ വഴികളിലേക്കെത്തിപ്പെടുംമുന്‍പുതന്നെ ഏതാണ്ട്‌ 500 വര്‍ഷംവരെ പാരമ്പര്യം അവകാശപ്പെടാവുന്ന പലക്കാടിന്റേതുമാത്രം എന്നു തന്നെ പറയാവുന്ന ഒട്ടേറെ നാടന്‍പാട്ടുരൂപങ്ങളൂം നമുക്കു സ്വന്തമായുണ്ട്‌. കിഴക്കന്‍ ഗ്രാമങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന 300 വരെ വര്‍ഷം പഴക്കം പറയുന്ന കണ്യാര്‍കളിപ്പാട്ടുകളില്‍ സിന്ധുഭൈരവി, ഹരികാംബോജി, മധ്യമാവതി എന്നീ രാഗങ്ങളുടെ ഛായ ഉള്ളതായി പറയപ്പെടുന്നു. പൊറാട്ടുകളിയില്‍ തലമുറകളുടെ വംശപാരമ്പര്യം അവകാശപ്പെടാവുന്ന നല്ലേപ്പുള്ളി നാരായണന്‍,ചിറയില്‍ ചന്ദ്രന്‍ എന്നിവരുടേതുപോലുള്ള സംഘങ്ങള്‍ ഇപ്പോഴും സജീവമാണ്‌. പാടത്ത്‌ കട്ടയുടക്കുമ്പോള്‍ പാട്ടുകെട്ടിയുണ്ടാക്കി രണ്ടു സംഘങ്ങളായി തിരിഞ്ഞ്‌ പാടുന്ന ചവിട്ടുകളിപ്പാട്ട്‌ ചെര്‍പ്പുള്ളശ്ശേരി ഭാഗത്ത്‌ ഇപ്പൊഴും പ്രചാരത്തിലുണ്ട്‌.


പൂതംകളി
പാണന്‍പാട്ട്‌ എന്ന തുയിലുണര്‍ത്തുപാട്ടില്‍ കര്‍ണ്ണാടക സംഗീതപദ്ധതികളില്‍പ്പോലും കാണാന്‍കഴിയാത്ത ആദിമതാളങ്ങളായ ലക്ഷ്മീതാളം, കുംഭതാളം, മര്‍മ്മതാളം എന്നിവ കൂടാതെ 'ആളത്തി' എറിയപ്പെടുന്ന ആലാപനവൈശിഷ്ട്യം തികഞ്ഞ പണ്‍പാട്ടുകളേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌ എന്ന്‌ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.തോറ്റംപാട്ടുകള്‍,ഭഗവതിപ്പാട്ട്‌,പൂതംകളിപ്പാട്ട്‌ എന്നിവയിലെല്ലം പാരമ്പര്യം തുടരാന്‍ പുതിയ തലമുറയിലുള്ള കലാകാരന്മാരും താല്‍പര്യമെടുക്കുന്നുണ്ട്‌. ജനാര്‍ദ്ദനന്‍ പുതുശ്ശേരി , പ്രണവം ശശി എന്നീ നാടന്‍പാട്ടുകലാകാരന്‍മാരുടെ നേതൃത്വത്തിലുള്ള നാട്ടുക്കൂട്ടം, ചേറ്റൂര്‍ രാധാകൃഷ്ണന്‍ രക്ഷാധികാരിയായുള്ള ഞാറ്റുവേല, കാവേറ്റം തുടങ്ങിയ നാടന്‍പാട്ടുസംഘങ്ങള്‍ ജില്ലയില്‍മാത്രമല്ല കേരളത്തിലൊട്ടാകെയും കേരളത്തിനു പുറത്തും പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു. .

തോല്‍പ്പാവക്കൂത്ത്‌
കമ്പരാമായണത്തിലെ കഥാസന്ദര്‍ഭങ്ങളെ ആസ്പദമാക്കിയുള്ള പുലവസമുദായക്കാരുടെ തോല്‍പ്പവക്കൂത്ത്‌ സ്വദേശത്തെക്കാളെറെ വിദേശങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്‌. രാമായണം ,മഹാഭാരതം ശ്രീകൃഷണചരിതം എന്നിവയില്‍നിന്നുള്ള കഥകളെ ആധാരമാക്കി എഴുതിയുണ്ടാക്കി സംഗീതം ചിട്ടപെടുത്തിയ തിരുവാതിരക്കളിപ്പാട്ടുകളൂടെ ഒരു ഖനിതന്നെയുണ്ട്‌ ഇവിടെ.
കഥകളിസംഗീതം പാടി കൈയില്‍ ആടിക്കാവുന്ന കഥകളിവേഷങ്ങളായ പാവകളുമായി ഉപജീവനം നടത്തുന്ന പാവക്കളിക്കാരായ ബൊമ്മണ്ണൂര്‍ സമുദായക്കാരെ കോട്ടായി പരുത്തിപ്പുള്ളി ഭാഗത്തു കാണാം. ദേവഗാന്ധാരിയുടെയും സൗരാഷ്ട്രത്തിന്റെയും കുന്തളവരാളിയുടേയും രാഗഛായയുള്ള നാവ്‌റുപാട്ട്‌,നന്തുണിപ്പാട്ട്‌,പുള്ളുവന്‍പാട്ട്‌ ഇവയെല്ലാംതന്നെ അതതിന്റെ പ്രൗഢിയോടെ തന്നെ ഇവിടെ ഇന്നും കൊണ്ടാടപ്പെടുന്നു.

പുള്ളുവന്‍പാട്ട്‌ വായ്ത്താരിയും ഒന്നോ ണ്ടോ വാക്കുകളുടെആവര്‍ത്തനവും മാത്രമുള്ള ആദിവാസിപ്പാട്ടുകള്‍ക്കുപോലും രാഗപദ്ധതിയുണ്ടെന്നാണ്‌ കര്‍ണ്ണാടക സംഗീതജ്ഞനും ഞാറ്റുവേല നാടന്‍പാട്ടു സംഘത്തിന്റെ രക്ഷാധികാരിയുമായ ചേറ്റൂര്‍ രാധാകൃഷ്ണന്‍ പറയുന്നത്‌ .
ആദിവാസിനൃത്തം

(തുടരും......)

Wednesday, December 19, 2007

കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം.

പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട്‌ ടൗണില്‍നിന്നും 7 കി.മി. അകലെ(പയ്യലൂര്‍)യാണ്‌ അതിപുരാതനവും പ്രസിദ്ധവുമായ തിരുകാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം. ഈ ക്ഷേത്രവുമായും ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്‌.
പുരാണപ്രസിദ്ധങ്ങളായ ഇക്ഷുനദിയുടെയും ഗായത്രിനദിയുടെയും ഇടയിലാണ്‌ ഈ പുണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.
കശ്യപമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട അനന്താസനത്തില്‍ ഇരിക്കുന്ന മഹാവിഷ്ണുവിന്റെ വിഗ്രഹമാണ്‌ ഇവിടെ ആരാധിച്ചുവരുന്നത്‌.


പത്മകല്‍പ്പത്തില്‍ കശ്യപന്‍ ഗോവിന്ദമലയില്‍ തപസ്സുചെയ്യുകയും, തപസ്സില്‍ സന്തുഷ്ഠനായി വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കശ്യപന്‍ ഭഗവാനോട്‌ ഈ പര്‍വ്വതത്തില്‍തന്നെ അങ്ങ്‌ താമസിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തു. അപ്രകാരം ഭഗവാന്‍ ഭക്തന്റെ ഇഷ്ടമനുസരിച്ച്‌ ഇവിടെ എന്റെ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന്‌ അരുളുകയും ചെയ്തു. ഇക്ഷുമതിയുടെ തീരത്ത്‌ ക്ഷേത്രം പണിത്‌ പൂജ ചെയ്യുവാനും, ഭൂമിദേവിയുടെ പ്രതിരൂപമാര്‍ന്ന ഇക്ഷുമതിനദിയുടെയും പൂര്‍ണപാപനാശിനിയായ ഗായത്രിനദിയുടെയും ഇടയിലുള്ള ഈ ക്ഷേത്രത്തില്‍ പൂര്‍ണാനന്ദസ്വരൂപനായി ഞാന്‍ വസിച്ചുകൊള്ളാമെന്നും ഭഗവാന്‍ സമ്മതിച്ചു.സന്തുഷ്ടനായ കശ്യപന്‍ വിശ്വകര്‍മ്മാവിനെക്കൊണ്ട്‌ ഭഗവാന്റെ പ്രതിമ തീര്‍പ്പിച്ചു. അനന്താസനത്തില്‍ ശംഖചക്രാദി ആയുധങ്ങളാല്‍ ശോഭിച്ചും, ഭൂമിദേവി, ശ്രീദേവി എന്നിവരാല്‍ പരിലാളിതനായിരിക്കുന്ന വിഗ്രഹത്തെ വിശ്വകര്‍മ്മാവ്‌ കശ്യപന്‌ നല്‍കി.ഇതിനുപുറമെ ഗണപതി, നാഗസുബ്രഹ്മണ്യന്‍, ശാസ്താവ്‌, ശിവന്‍ എന്നിവരുടെ വിഗ്രഹങ്ങളും നിര്‍മ്മിച്ചുനല്‍കി.
വൃത്താകൃതിയിലുള്ള ശ്രീകോവിലിന്റെ പുറംചുമരുകളില്‍ മുഴുവനും ചുമര്‍ചിത്രകലയാല്‍ അലങ്കരിക്കപ്പെട്ടിരിക്കയാണ്‌. രാമായണകഥയിലെ പ്രധാന സംഭവങ്ങളാണ്‌ ചിത്രങ്ങളായി ശ്രീകോവില്‍ ചുമരില്‍ ആലേഖനം ചെയ്തിരിക്കുന്നത്‌.
ശ്രീകോവിലിന്റെ മുന്നില്‍ നിന്നാല്‍ അനന്താസനത്തില്‍ ഇരിക്കുന്ന വിഷ്ണുഭഗവാനെ മാത്രമേ ദര്‍ശിക്കാന്‍ കഴിയൂ. ദേവിമാര്‍ ഇരുവശത്തുമായി ഭഗവാനെ നോക്കി മറഞ്ഞാണ്‌ നില്‍ക്കുന്നത്‌.
( 2007 ഏപ്രിലില്‍ രാപ്പാളില്‍ നടന്ന പ്രസിദ്ധമായ സോമയാഗത്തിനുവേണ്ട സോമലത കാച്ചാംമുറിശ്ശി മഹാവിഷ്ണു ക്ഷേത്രത്തില്‍ പൂജിച്ച ശേഷം കൊണ്ടുപോകുന്നു. )


കേരളത്തില്‍ എവിടെ യാഗം നടന്നാലും യാഗത്തിന്‌ ആവശ്യമായ സോമലത, മാന്‍തോല്‍ എന്നിവ നല്‍കുവാനുള്ള അവകാശം സൂര്യവംശജരാണെന്ന്‌ വിശ്വസിച്ചുപോരുന്ന കൊല്ലങ്കോട്‌ രാജപരമ്പരയിലുള്ളവര്‍ക്കാണ്‌ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്‌. യാഗസാധനങ്ങള്‍ യാഗം ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്രാഹ്മണര്‍ക്ക്‌ ഈ കശ്യപക്ഷേത്രസന്നിധിയില്‍ വെച്ചു മാത്രമേ നല്‍കുവാന്‍ പാടുള്ളൂ. യജ്ഞഫലത്തിന്റെ (ഹവിര്‍ഭാഗം) ആറിലൊരു ഭാഗം ഈ രാജപരമ്പരക്ക്‌ ലഭിക്കും. ഇതിന്റെ പുറകിലും ഒരു ഐതിഹ്യമുണ്ട്‌. ഇന്നോളം കേരളത്തില്‍ എവിടെ യാഗം നടക്കുകയാണെങ്കിലും സോമലത വെങ്കനാട്‌ രാജാവിന്റെ പരമ്പരയിലുള്ളവര്‍ കാച്ചാംകുറിശ്ശി ക്ഷേത്രസന്നിധിയില്‍വെച്ചാണ്‌ കൈമാറുന്നത്‌. ഈ വര്‍ഷം കേരളത്തില്‍ നടന്ന 5 യാഗങ്ങള്‍ക്കും സോമലത ഈ ക്ഷേത്രസന്നിധിയില്‍വെച്ചാണ്‌ നല്‍കിയത്‌.(രാപ്പാള്‍ സോമയാഗത്തിനു വേണ്ട സോമലത കൊണ്ടുപോകാനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന വാഹനം. )


വലതുഭാഗത്തുകാണുന്നത്‌ ഊട്ടുപുര. വലതുഭാഗത്ത്‌ ഊട്ടുപുരയോടെ ചേര്‍ന്നാണ്‌ (മുന്നില്‍, ചിത്രത്തിലില്ല) പുണ്യതീര്‍ത്ഥ കൊക്കറിണി.
കാച്ചാംകുറിശ്ശി ക്ഷേത്രത്തിന്‌ മുന്‍ഭാഗത്തുള്ള വലിയ തീര്‍ത്ഥക്കുളം.
പണ്ട്‌ മഹര്‍ഷിവര്യന്‍മാരാല്‍ യാഗം നടത്തിയ സ്ഥലമാണിതെന്ന്‌ ഐതിഹ്യം.ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കുഷ്ഠക്കുഴിത്തടത്തിനും ക്ഷേത്രത്തിനകത്ത്‌ വടക്ക്‌ ഭാഗത്തുള്ള പുണ്യതീര്‍ത്ഥ കൊക്കറിണിക്കും ഐതിഹ്യകഥയുണ്ട്‌.


കാനനവാസക്കാലത്ത്‌ സീതാരാമന്‍മാര്‍ ഗോവിന്ദമലയില്‍ പാര്‍ത്തിരുന്നതായി കരുതുന്നു. സീതാദേവിക്ക്‌ കുളിക്കുവാന്‍ വേണ്ടി ശരത്താല്‍ പാറ തുളച്ചതാണ്‌ സീതാര്‍കുണ്ടിലെ പുണ്യതീര്‍ത്ഥക്കുളമെന്ന്‌ വിശ്വസിക്കുന്നു. കര്‍ക്കിടകം, തുലാം, മകരം മാസങ്ങളില്‍ സീതാര്‍കുണ്ടില്‍ സ്നാനം ചെയ്യുന്നത്‌ ഏറെ പുണ്യമായി കരുതുന്നു. പുണ്യകാലങ്ങളില്‍ ഗോവിന്ദമലയുടെ ഒരു സ്ഥാനത്ത്‌ ഭക്തര്‍ചേര്‍ന്ന് 'ഗോവിന്ദ ഗോവിന്ദ' എന്ന്‌ ഉറക്കെ ജപിച്ചാല്‍ പാറമടയുടെ നടുവിലൂടെ ജലം ഒഴുകിവരുമത്രെ.ഇങ്ങനെ ഐതിഹ്യം നിറഞ്ഞ സീതാര്‍കുണ്ടും ഗോവിന്ദമലയും, ഈ ക്ഷേത്രത്തിനടുത്താണ്‌.

Labels: , ,

Tuesday, December 11, 2007

വീണ്ടും ചില പാലക്കാടന്‍‌ കാഴ്ചകള്‍

പാലക്കാടന്‍ ഗ്രാമീണ ചിത്രങ്ങള്‍ ഗൃഹാതുരത്വം ഏല്‍പ്പിക്കാത്ത പാലക്കാടന്‍ പ്രജകളുണ്ടോ?




ടിപ്പു സുല്‍ത്താ‍ന്റെ കോട്ടയ്ക്കു ചുറ്റും ഉള്ള കിടങ്ങില്‍ വെള്ളം നിറഞ്ഞ കാലം



കോട്ടയ്ക്കുള്ളിലെ വയസ്സന്‍ മാവ്





രണ്ട് പ്രശസ്ത പാലക്കാടന്‍ ബ്ലോഗ്ഗര്‍മാരുടെ വീടുകള്‍ക്ക് ഇടയില്‍ ഉള്ള ചെമ്പരത്തി എന്ന പാടം


ചിത്രങ്ങള്‍ തന്നത് : സിദ്ധാര്‍ത്ഥന്‍

Sunday, December 02, 2007

പാലക്കാടന്‍ ഗ്രാമഭംഗി ഇനിയും മങ്ങാതെ...............

വയലേലകളുടേയും വേലകളുടേയും നാട്‌ ആയ പാലക്കാടിന്റെ പലേഭാഗങ്ങളും ഇപ്പോഴും ഗ്രാമങ്ങളായി തന്നെ നില നില്‍ക്കുന്നു. ഗ്രാമവും ഇടവഴിയും പാട ശേഖരവും കരിമ്പനകളില്‍ കാറ്റ്‌ പിടിയ്ക്കുന്നതും ചിത്രീകരിക്കാന്‍ സിനിമാക്കാര്‍ ഇവിടെ വരാത്ത മാസങ്ങളില്ല.

വരള്‍ച്ചയുടെ ശബ്ദം ലോക ജലസമ്മേളനത്തിലൂടെ ഉയര്‍ത്തി കുത്തകകളുടെ കാതുകളില്‍ അലോസരം ഉണ്ടാക്കിയ പ്ലാച്ചിമടയും ഇവിടെ - വേനലിന്റെ വറുതി കേരളത്തിന്റെ ആത്മാവിന്‌ വേദന പകരുന്ന കാലാവസ്ഥയുള്ള പാലക്കാട്‌.

വള്ളുവനാടന്‍ നദിയോരങ്ങളില്‍ മണ്ണാര്‍ക്കാട്‌ മലയോരങ്ങളില്‍ വേറെ വേറെ കാലാവസ്ഥ വ്യത്യസ്തമായി അനുഭവപ്പെടുന്നു പാലക്കാട്‌ ജില്ലയില്‍. മഴക്കുഴികള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ പെടാപ്പാട്‌ പെടുമ്പോള്‍ മഴ മേഘങ്ങള്‍ ഏറ്റവും കൂടുതല്‍ ഒളിച്ചുകളി നടത്തുന്ന സ്ഥലങ്ങളിലൊന്നാണ്‌ പാലക്കാട്‌.

പാടശേഖരങ്ങള്‍ വാങ്ങി വീടു വയ്ക്കുന്നവര്‍ മഴക്കുഴി തീര്‍ത്ത്‌ പശ്ചാത്താപം ചെയ്യുന്നു ഇപ്പോള്‍.

വരിക്കാശ്ശേരി മനയും ഒറ്റപ്പാലം ഭാഷയും സിനിമാ തിരക്കഥാകൃത്തുക്കള്‍ക്ക്‌ ആവേശം പകരുന്നെങ്കില്‍ സാധാരണക്കാരുടെ ആവേശം ഗ്രാമഭംഗി നിറയുന്ന പാലക്കാടിന്റെ വിവിധ പ്രദേശങ്ങളിലാണ്‌.
ലാല്‍ ചിത്രമായ "ഹലോ" യില്‍ വരിക്കാശ്ശേരി മന

പാലക്കാടിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ശ്രദ്ധിക്കുക. വെള്ളം കെട്ടി വച്ച്‌ നീന്താന്‍ കടല്‍ തീര്‍ക്കുന്ന തീം പാര്‍ക്കുകളുടെ കൃത്രിമത്വമില്ലാത്ത എത്രയോ സ്ഥലങ്ങള്‍ . ധോണി, പറമ്പിക്കുളം, സൈലന്റ്‌ വാലി, നെല്ലിയാമ്പതി, മീന്‍വല്ലം വെള്ളച്ചാട്ടം, ശിരുവാണി അങ്ങിനെ.

സാഹസിക യാത്രയുടെ ഹരമാണ്‌ ധോണിയും അവിടത്തെ വെള്ളച്ചാട്ടവും. ട്രെക്കിംഗിന്‌ പറ്റിയ ധോണി സംരക്ഷിത വനമേഖലയിലേക്ക്‌ പാലക്കാട്‌ ടൌണില്‍ നിന്ന് 15 കി. മീ. ദൂരമുണ്ട്‌.
ധോണി വെള്ളച്ചാട്ടം

പറമ്പിക്കുളം പാലക്കാട്‌ നഗരത്തില്‍ നിന്ന് 110 കി.മീ. അകലെയാണ്‌. അപൂര്‍വ്വസങ്കേതമായ പറമ്പിക്കുളം വനസങ്കേതം - കടുവച്ചിലന്തി ഉള്‍പ്പെടെ ജൈവ വൈവിധ്യങ്ങളുടെ അപൂര്‍വ്വഖനിയാണിവിടം.

സൈലന്റ്‌ വാലി അഥവാ നിശ്ശബ്ദതയുടെ താഴ്വാരം നിത്യ ഹരിത വനങ്ങളാല്‍ സമ്പന്നം. കാടിനെ അറിയാന്‍ സൈലന്റ്‌ വാലിയില്‍ ചെല്ലണം. കുന്തിപ്പുഴയും ഭവാനിപ്പുഴയും ഉത്ഭവിക്കുന്ന ഇവിടം സിംഹവാലന്‍ കുരങ്ങ്‌ പോലെയുള്ള അപൂര്‍വ്വ ജന്തുക്കളുടെ വിഹാര രംഗം.
പാത്രക്കടവ്‌ പദ്ധതിയുടെ കൂടോത്രം ഭീഷണിയായി ഇവിടെ നില നില്‍ക്കുന്നു.

മറ്റൊരു നീര്‍ച്ചാലിലെ വേനല്‍ക്കുളി

പാവങ്ങളുടെ ഊട്ടിയാണ്‌ നെല്ലിയാമ്പതി. ഹരിതാഭമായ വനങ്ങളും കാലാവസ്ഥയും ഓറഞ്ച്‌ തോട്ടങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്‌.

നെല്ലിയാമ്പതിയുടെ നെറുകയില്‍ ഭൂമിക്ക്‌ കീഴെ മേഘങ്ങളെ കാണാം

മുകളിലെത്തിയാല്‍ ആകാശവും ഭൂമിയും ഒന്നിക്കുന്ന ഈ പ്രദേശം ചങ്ങമ്പുഴ കവിത ഈണത്തില്‍ മൂളി താഴ്വാരക്കാഴ്ച്ച കണ്ടാല്‍ ആ സൌന്ദര്യം ഒരിക്കലും ഒരു മനുഷ്യജന്മം മറക്കില്ല. സീതാര്‍ക്കുണ്ടില്‍ നാടുകാണിയില്‍ നിന്നും നോക്കുക താഴേക്ക്‌ - ആരും മോഹിക്കുന്ന പ്രകൃതി സൌന്ദര്യം.

ശിരുവാണിയും മീന്‍വല്ലവും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മറ്റു പ്രമുഖമായ സ്ഥലങ്ങളാണ്‌. മദ്രാസ്‌ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പാലക്കാട്‌ കേരളത്തോട്‌ ചേര്‍ത്തപ്പോള്‍ പകരം കന്യാകുമാരി തമിഴ്നാടിന്‌ കൊടുത്തതില്‍ പരിഭവിക്കേണ്ടതില്ലാത്തതിന്‌ കാരണം ജൈവ സാന്നിദ്ധ്യങ്ങള്‍ നിറഞ്ഞ പരിസ്ഥിതിയും വ്യവസായങ്ങള്‍ക്ക്‌ അന്തരീക്ഷം ഒരുക്കുന്ന ഭൂപ്രകൃതിയും സംസ്കാര സമ്പന്നരായ കുറെ നല്ല മനുഷ്യരും ഒക്കെയാണ്‌.

വാളയാര്‍ കടക്കുമ്പോള്‍ കരയുന്ന മലയാളി മനസ്സുകളെ തീവണ്ടി മുറികളില്‍ നാം തൊട്ടറിയുന്നതു പാലക്കാട്‌ വച്ചാണ്‌. - കേരളത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശം പാലക്കാടിന്റെ മാപിനിയാണ്‌ അളന്ന് തരുന്നതും കേരത്തിന്റെ ഗേറ്റ്‌ വേ ആയ പാലക്കാടിലേക്കെത്തുന്ന തീവണ്ടികളിലെ മലയാളികള്‍ പാലക്കാടിനെ അറിയുന്നത്‌ പ്ലാറ്റ്ഫോമില്‍ കിട്ടുന്ന പഴം പൂരിയെന്ന ഏത്തക്കായപ്പത്തിലൂടെ മാത്രമല്ല പ്രകൃതിയുടെ മേല്‍ അത്രമേല്‍ നഗരവല്‍ക്കരണം നടത്താത്ത ഇവിടം നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതു കൊണ്ടുകൂടിയാണ്‌ പാലക്കാട്‌ എന്ന് കേള്‍ക്കുമ്പോള്‍ ഒരു സംഗീതം മനസ്സില്‍ വരും. അത്‌ ചെമ്പൈയോ മണി അയ്യരോ ചിറ്റൂരെ സംഗീത വിദ്യാലയമോ കൊണ്ടുവരുന്നതാവില്ല. ഖസ്സാക്കിന്റെ ഇതിഹാസം പിറന്ന നാടല്ലേ..?


ആധുനികതയുടെ പ്രണവം ചൊല്ലിയ ഇതിഹാസത്തില്‍ പാലക്കാടിന്റെ ഗ്രാമ ഭംഗിയും പ്രകൃതിയും ജീവിതവും മീട്ടിയ സിംഫണി ശ്രവിച്ചവര്‍ക്കറിയാം ഈ നാടിന്റെ സത്വം.