Wednesday, November 15, 2006

അല്‍പം ചരിത്രം


സ്ഥലനാമപുരാണം

പാല മരങ്ങള്‍ വളര്‍ന്നു നിന്നിരുന്ന കാട്‌ പാലക്കാടായെന്ന്‌ ഒരു മതം.പാലി ഭാഷ (ജൈനന്മാരുടെ ഭാഷ) സംസാരിയ്ക്കുന്നവര്‍ വസിക്കുന്നിടം പാലീഘട്ടും പിന്നീട്‌ പാലക്കാടും ആയെന്ന്‌ വേറെ ഒരു മതം(നഗരത്തില്‍ നിന്നും
മൂന്ന് കിലോമെറ്റര്‍ ദൂരെ ഉള്ള ജൈനിമേട്‌ പണ്ട്‌ ജൈനവിഹാരമായിരുന്നു).

ചരിത്രം

എ.ഡി.ഒന്നാം നൂറ്റാണ്ട്‌ മുതല്‍ വളരെയേറെ വര്‍ഷങ്ങള്‍ ചേരമാന്‍ പെരുമാക്കന്മാര്‍ പാലക്കാട്‌ ഭരിച്ചതായി ചരിത്രം പറയുന്നു. അവര്‍ക്ക്‌ ശേഷം അവരുടെ ഉടയോന്മാര്‍ രാജ്യത്തെ പല ചെറു നാട്ടുരാജ്യങ്ങളാക്കി ഭരിച്ചു പോന്നു.പിന്നീട്‌ കാഞ്ചിയിലെ പല്ലവര്‍ മലബാര്‍ ആക്രമിച്ച്‌ കീഴടക്കിയപ്പോള്‍ പാലക്കാട്‌ ആയിരുന്നു അവരുടെ പ്രധാന ഇടത്താവളം.(പല്ലാവൂര്‍,പല്ലശ്ശേന,പല്ലവഞ്ചാത്തന്നൂര്‍ എന്നീ സ്ഥലനാമങ്ങള്‍ ഈ പല്ലവ അധിനിവേശത്തിന്‌ അടിവരയിടുന്നു). ശ്രീ. വില്യം ലോഗന്‍ തന്റെ മലബാര്‍ മാന്യുവലില്‍ ഇക്കാര്യം പരാമര്‍ശിയ്ക്കുന്നുണ്ട്‌

ഒന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നെടുമ്പുരയൂര്‍ നാടുടയവര്‍ എന്ന രാജാവ്‌,രാജ്യം ആക്രമിയ്ക്കാന്‍ വന്ന കൊങ്ങുനാട്‌ രാജാവിനെ ചിറ്റൂര്‍ വെച്ച്‌ യുദ്ധത്തില്‍ തോല്‍പ്പിച്ചു. ആ വിജയത്തിന്റെ ഓര്‍മ്മ പുതുക്കാനായി ഇപ്പോഴും ചിറ്റൂരില്‍ കൊങ്ങന്‍ പട എന്ന ഉത്സവം വര്‍ഷംതോറും കൊണ്ടാടുന്നു.

നെടുമ്പുരയൂര്‍ കുടുംബം പിന്നീട്‌ തരൂര്‍ രാജവംശം എന്നും പാലക്കാട്‌ രാജസ്വരൂപം എന്നും അറിയപ്പെട്ടു.

1757ഇല്‍ സമൂതിരി,പാലക്കാട്‌ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തി.സമൂതിരിയുടെ മേല്‍ക്കൊയ്മയില്‍ നിന്നും രക്ഷനേടാന്‍ പാലക്കാട്‌ രാജാവ്‌ മൈസൂരിലെ ഹൈദരലിയുടെ സഹായം തേടി. ഹൈദരലി സാമൂതിരിയെ യുദ്ധത്തില്‍ തോല്‍പ്പിച്ച്‌ പാലക്കാട്‌ തന്റെ കീഴിലാക്കി. പിന്നീട്‌ ഹൈദരലിയുടെ പുത്രനായ ടിപ്പു സുല്‍ത്താനായി പാലക്കാടിന്റെ ഭരണാധികാരി. ചരിത്രപ്രസിദ്ധമായ പാലക്കാട്‌ കോട്ട,ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതാണ്‌.

പക്ഷെ,പിന്നീട്‌ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായുള്ള ഉടമ്പടി പ്രകാരം,ടിപ്പു സുല്‍ത്താന്‍ തന്റെ അധീനതയിലുണ്ടായിരുന്ന മലബാര്‍ പ്രവശ്യകള്‍ ബ്രിട്ടീഷുകാര്‍ക്ക്‌ കൈമാറി.പിന്നീട്‌ ബ്രിട്ടീഷുകാര്‍ മലബാര്‍ ജില്ല രൂപീകരിക്കുകയും മദ്രാസ്‌ പ്രസിഡന്‍സിയോട്‌ ചേര്‍ക്കുകയും ചെയ്തു.കോയമ്പത്തൂരും,പൊന്നാനിയും ഒക്കെ മലബാര്‍ ജില്ലയുടെ ഭാഗങ്ങളായിരുന്നു. സ്വാതന്ത്ര്യലബ്‌ധിയോടെ കോയമ്പത്തൂര്‍ തമിഴ്‌നാട്ടിലേക്കും,പിന്നീട്‌ മലപ്പുറം ജില്ല വന്നപ്പോള്‍ പൊന്നാനിയും മറ്റു ഭാഗങ്ങളും മലപ്പുറം ജില്ലയിലേയ്ക്കും പോയി.

ഭാഷ

പാലക്കാടന്‍ ഭാഷ,സങ്കര ഭാഷയാണ്‌.
തനിതമിഴ്‌ സംസാരിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളും,മയിലാപ്പൂര്‍ തമിഴ്‌
സംസാരിക്കുന്ന അഗ്രഹാരങ്ങളും,ശുദ്ധമലയാളം സംസാരിക്കുന്ന
വള്ളുവനാടന്‍ ഗ്രാമങ്ങളും,അത്രയ്ക്ക്‌ ശുദ്ധമല്ലാത്ത മലയാളം സംസാരിക്കുന്ന,
പാലക്കാട്‌,മണ്ണാര്‍ക്കാട്‌,ആലത്തൂര്‍,ചിറ്റൂര്‍,കൊല്ലംകോട്‌ താലൂക്കുകളും
അടങ്ങിയ ഒരു സങ്കരഭാഷാ സംസ്കാരമാണ്‌ പാലക്കാടിന്റേത്‌

അങ്ങനെ അങ്ങനെ പാലക്കാടന്‍ പുരാണങ്ങള്‍ പറഞ്ഞാല്‍ തീരില്ല

8 Comments:

Blogger Promod P P said...

അല്‍പം ചരിത്രം

6:49 AM  
Blogger Abdu said...

ഈയുള്ളവനും ഒരു പാലക്കാട്ടുകാരനാണ്, ഇങ്ങ് പട്ടാമ്പിയില്‍.

ഒരു പത്രിക വേണമായിരുന്നു, പ്രാദേശികവാദം പറയാനല്ല, നഷ്ടപ്പെട്ടിട്ടില്ല എന്ന് എന്നൊട് തന്നെ പറയാനാണ്.

ജിമെയില്‍ ഐഡി ഇതാ..
abdusownഅറ്റ്gmail.com

7:46 AM  
Blogger thoufi | തൗഫി said...

നോം എന്താ ഈ കാണണേ...
എല്ലാരും ജില്ലതിരിച്ച്‌ ഗ്രൂപ്പുണ്ടാക്കിക്കളിക്കുകയൊ..?
ശിവ...ശിവ..ഇതിങ്ങനെ പോയാല്‍ സ്വന്തമെന്നു പറയാന്‍ ജില്ല പോയിട്ട്‌ ഒരുതുണ്ട്‌ മണ്ണുപോലുമില്ലാത്ത എന്നെപ്പോലുള്ള
ഈ പാവത്തുങ്ങള്‍ എന്തോ ചെയ്യും.?

7:57 AM  
Anonymous Anonymous said...

പാലക്കാടിന്റെ ചരിത്രങ്ങളിലേക്ക്‌ വെളിച്ചം വീശിയതിന്‌ നന്ദി തഥാഗതാ..
ഇനിയും എത്രയോ ഉണ്ട്‌ നമ്മള്‍ക്ക്‌ മുഴുവനായും അറിയാത്ത ചരിത്ര രേഖകള്‍. പോരട്ടെ..
പാലക്കാട്‌ അഗ്രഹാരങ്ങള്‍ നിറയെ ഉള്ള ഒരു ജില്ല കൂടിയാണ്‌..

എന്റെ അറിവ്‌ അനുസരിച്ച്‌ എന്റെ സ്ഥലം 'ചിറ്റിലംചേരി' ചുറ്റും ഇല്ലങ്ങള്‍ ഉള്ള ചേരി - ലോപിച്ച്‌ ആയെന്നാണ്‌ പറയപ്പെടുന്നത്‌. മേലാര്‍ക്കോട്‌, പുതിയങ്കം, പെരുങ്കുളം, കാവശ്ശേരി, വടക്കുംചേരി, നെമ്മാറാ, അയിലൂര്‍, തുടങ്ങിയ അഗ്രഹാരങ്ങള്‍..

ചില തിരുത്തുകള്‍..
കൊല്ലങ്കോട്‌ താലൂക്കല്ല.. ചിറ്റൂര്‍ താലൂക്കിലെ ഒരു ബ്ലോക്കാണ്‌.
പല്ലവഞ്ചാത്തന്നൂര്‍ ആണൊ.. പല്ലഞ്ചാത്തനൂര്‍ എന്നാണല്ലോ ഇപ്പോള്‍ എഴുതുന്നത്‌.

തമിഴ്‌നാടിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴ്‌ കലര്‍ന്ന മലയാളം തന്നെയാണി സംസാരിക്കുന്നത്‌. ആലത്തൂര്‍ ഭാഗങ്ങളിലും ശുദ്ധ്മല്ലാത്ത മലയാളമാണ്‌ സംസാരിക്കുന്നത്‌ എന്ന്‌ പറഞ്ഞല്ലൊ. എന്റെ അറിവില്‍ ഏകദേശം നല്ല മലയാളം തന്നെയാണ്‌ അവിടെ സംസാരിക്കുന്നത്‌. ശൈലിയില്‍ ഒരു നാടഞ്ചുവ കാണും.

അല്ലാ. ഒന്നു പറയട്ടെ.. കേരളത്തിലെ ഏതു ജില്ലയിലാണ്‌ വളരെ ശുദ്ധമായ മലയാളം "സംസാരിക്കുന്നത്‌". തിരുവനോന്തപുരമോ, കോട്ടയമോ, കൊല്ലമോ, കോയിക്കോടോ.. കണ്ണൂരോ അല്ല തൃശ്ശൂരോ.. എല്ലാ ഭാഗങ്ങളിലും അവിടത്തെ തനതായ ഒരു നാടന്‍ ശൈലി ഉണ്ടല്ലോ.

കൃഷ്‌ | krish

9:59 PM  
Blogger രാജ് said...

സംഭവം നന്നായി. ചില പാലക്കാടന്‍ ചിത്രങ്ങള്‍, കഴിയുന്നത്ര ഗ്രാമങ്ങളെ പരിചയപ്പെടുത്തുക, എന്നിങ്ങനെയൊക്കെ നമുക്കു ചെയ്യാന്‍ ശ്രമിക്കാം. വിക്കിയിലെഴുതുന്നവര്‍ക്കും മറ്റും സഹായമായേക്കൂം.

ചാലിശ്ശേരി-കൂറ്റനാട് വഴിയില്‍ കരിങ്കല്ലുകൊണ്ടൊരു മണ്ഡപമുണ്ടു്, കാടുപിടിച്ചു കിടക്കുന്നതു കൊണ്ടു പെട്ടെന്നു ശ്രദ്ധിച്ചേയ്ക്കില്ല. എനിക്കതു കാണുമ്പോള്‍ മൈസൂരിലെ ചില കരിങ്കല്‍ മണ്ഡപങ്ങളെയാണു് ഓര്‍മ്മ വരിക. ആര്‍ക്കെങ്കിലും ചരിത്രം അറിയുമോ?

10:40 PM  
Blogger Promod P P said...

കൃഷ്‌ പറഞ്ഞത്‌ ശരിയാണ്‌.
കൊല്ലംകോട്‌ താലൂക്കല്ല.

പല്ലവന്‍ചാത്തന്നൂര്‍ ലോഭിച്ച്‌
പല്ലഞ്ചാത്തന്നൂര്‍ ആയി എന്നാണ്‌ ഞാന്‍ കേട്ടിട്ടുള്ളത്‌

2:49 AM  
Anonymous Anonymous said...

തഥാഗതാ :)
ഞാന്‍ എന്റെ ഇ-മെയില്‍ id അയച്ചതാണല്ലൊ. പാലക്കാട്ടുകാരനായ എന്നെ ഈ ഗ്ലബ്ബില്‍ കൂട്ടുന്നില്ലേ.

കൃഷ്‌ |krish

11:24 PM  
Blogger Promod P P said...

Krish

check your mail please

1:39 AM  

Post a Comment

Subscribe to Post Comments [Atom]

<< Home