Thursday, November 30, 2006

മേഴത്തോള്‍ അഗ്നിഹോത്രി

പന്തിരുകുലത്തിലെ പ്രഥമ പുത്രനാണ്‌ അഗ്നിഹോത്രി. ബ്രഹ്മദത്തന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യത്ഥാര്‍ത്ഥ നാമധേയം. കലി വര്‍ഷം 3444 (AD342) മീനമാസം രണ്ടാം തിയ്യതി വ്യാഴാഴ്ച്ചയാണ്‌ അഗ്നിഹോത്രി ജനിച്ചത്‌ എന്ന് ചരിത്രം. വരരുചിയും പത്നിയും ഉപേക്ഷിച്ച നവജാത ശിശുവിനെ നിളാതീരത്തു നിന്നും,വേമഞ്ചേരി മനയിലെ അന്തര്‍ജ്ജനം കണ്ടെടുത്ത്‌ വളര്‍ത്തി. വളരെ കുഞ്ഞുനാളിലേ കുട്ടിയില്‍ ഒരു ദിവ്യ ചേതസ്സ്‌ കാണപ്പെട്ടു. ഒരു ദിവസം അന്തര്‍ജ്ജനം കുളിയ്ക്കാനായി പുഴയിലേയ്ക്ക്‌ പോയപ്പോള്‍ കൂടെ ചെന്ന കുട്ടി,അവരുടെ താളിക്കിണ്ണത്തില്‍,പുഴമണല്‍ കൊണ്ടുണ്ടാക്കിയ ശിവലിംഗം പ്രതിഷ്ഠിച്ചുവെന്നും, വരന്തുട്ടിക്കടവില്‍ വെച്ച്‌ പുഴയുടെ ഗതി മാറ്റി ഒഴുക്കി എന്നും ഐതിഹ്യം. പുഴമണല്‍ കൊണ്ടുണ്ടാക്കിയ ശിവലിംഗം തിരുത്താലത്തില്‍(താളിക്കിണ്ണത്തില്‍) പ്രതിഷ്ഠിച്ചതു കൊണ്ട്‌ അത്‌ തിരുത്താല അപ്പനും പിന്നീട്‌ തൃത്താല അപ്പനും ആയി മാറി എന്ന് വിശ്വാസം. ഈ ക്ഷേത്രം നില്‍ക്കുന്നതിനു ചുറ്റും ഉള്ള നാട്‌ തൃത്താല എന്ന പേരില്‍ അറിയപ്പെടുകയുണ്ടായി.

ബുദ്ധ,ജൈന സംസ്കാരങ്ങളുടെ വ്യാപനം മൂലം,യജ്ഞ സംസ്കാരം ഇല്ലാതായി മാറിയ കാലമായിരുന്നു അത്‌. അഗ്നിഹോത്രി,യജ്ഞ സംസ്കാരത്തെ പുനരുത്ഥരിയ്ക്കാനായി 100 സോമയാഗങ്ങള്‍ നടത്തി. നൂറു സോമയാഗങ്ങള്‍ നടത്തുന്ന പുരുഷന്‍ ഇന്ദ്രപദത്തിന്‌ പ്രാപ്തനാണ്‌ എന്നാണ്‌ വിശ്വാസം. തൊണ്ണൂറ്റി ഒന്‍പതാമത്തെ യാഗം അവസാനിയ്ക്കുന്ന ദിവസം ഇന്ദ്രന്‍ നേരിട്ട്‌ യാഗശാലയില്‍ എത്തുകയും നൂറാമത്തെ യാഗം നടത്തുന്നതില്‍ നിന്നും പിന്തിരിയണമെന്ന് അഗ്നിഹോത്രിയോട്‌ അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു. എന്നാല്‍,അഗ്നിഹോത്രി, താന്‍ യാഗം നടത്തുന്നത്‌ ഇന്ദ്രപദവിയ്ക്കു വേണ്ടിയല്ല എന്നും,യജ്ഞസംസ്കാരത്തിന്റെ പുനരുത്ഥാരണം മാത്രമാണ്‌ തന്റെ ലക്ഷ്യം എന്നും അതു കൊണ്ട്‌ യാഗം നടത്താതിരിക്കാന്‍ പറ്റില്ല എന്നും ഇന്ദ്രനോട്‌ പറഞ്ഞു.

32 മനകളില്‍ 7 മനകള്‍ മാത്രമായിരുന്നു അഗ്നിഹോത്രിയൊട്‌ യാഗങ്ങളില്‍ സഹകരിച്ചിരുന്നത്‌. ദേവേന്ദ്രന്‍,ആ ഏഴ്‌ ഋത്വിക്കുകള്‍ക്കും അഗ്നിഹോത്രിയോടൊപ്പം,തനിയ്ക്ക്‌ തുല്യമായ പദവി നല്‍കുകയും നൂറാമത്തെ യാഗത്തിന്‌ ആശംസകള്‍ നേരുകയും ചെയ്തു എന്നും ഐതിഹ്യം.

അഗ്നിഹോത്രി യാഗങ്ങള്‍ നടത്തിയ സ്ഥലം പിന്നീട്‌ യജ്ഞേശ്വരം എന്നറിയപ്പെട്ടു. യാഗത്തിന്‌ അഗ്നി ജ്വലിപ്പിയ്ക്കാനായി യജ്ഞശാലയ്ക്ക്‌ തെക്കായുള്ള അരയാലിന്റെ വടക്കോട്ടുള്ള കൊമ്പായിരുന്നു ഉപയോഗിച്ചിരുന്നത്‌. ഇപ്പോഴും സോമയാഗങ്ങള്‍ക്ക്‌ അരണിയായി ഈ മരത്തിന്റെ കൊമ്പാണ്‌ കൊണ്ടു പോകുന്നത്‌.യാഗം നടക്കുന്ന സമയത്ത്‌ ഋത്വിക്കുകള്‍ക്കും,യജമാനനും,പത്തനാടിയ്ക്കും( യജമാന പത്നി) എന്തെങ്കിലും അസ്വാസ്ഥ്യങ്ങല്‍ ഉണ്ടായാല്‍ അവരെ ചികില്‍സിക്കനായി വൈദ്യമഠം എന്ന മനയിലെ വൈദ്യന്മാരെയാണ്‌ നിയോഗിച്ചിരുന്നത്‌. ഇവരെ ശാലാവൈദ്യര്‍ എന്ന പേരു കൊടുത്ത്‌ ആദരിയ്ക്കുകയും പിന്നീട്‌ ഈ കുടുംബത്തില്‍ പിറന്ന പുരുഷന്മാരെല്ലാം അഷ്ഠവൈദ്യന്മാരായി തീരുകയും ചെയ്തു.


അഗ്നിഹോത്രി,മന്ദനമിശ്ര എന്ന പേരില്‍ ഭാവനാവിവേകം,സ്ഫോടസിദ്ധി,ബ്രഹ്‌മസിദ്ധി എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു.

അഗ്നിഹോത്രി തന്റെ നൂറാമത്തെ യാഗം അവസാനിപ്പിച്ചത്‌ കലിവര്‍ഷം 3479ആമാണ്ട്‌(AD378),കുംഭമാസം 28ആം തിയ്യതി ചൊവ്വാഴ്ച്ച ആയിരുന്നുവെന്നും,അന്ന് അദ്ദേഹത്തിന്‌ 34 വര്‍ഷം,പതിനൊന്ന് മാസം 26 ദിവസം പ്രായമായിരുന്നുവെന്നും ചരിത്രം.

പിതാവായ വരരുചിയുടെ ശ്രാദ്ധത്തിന്‌,വായില്ലാക്കുന്നിലപ്പന്‍ ഒഴികെ ഉള്ള പതിനൊന്ന് പേരും അഗ്നിഹോത്രിയുടെ ഇല്ലത്തില്‍ ഒത്തു ചേരാറുണ്ടായിരുന്നതായി പറയപ്പെടുന്നു.

24 Comments:

Blogger തഥാഗതന്‍ said...

പറയി പെറ്റ പന്തിരുകുലത്തിലെ പ്രഥമ പുത്രനായ മേഴത്തോള്‍ അഗ്നിഹോത്രിയെ കുറിച്ച്‌ അല്‍പം ചരിത്രം.

3:32 AM  
Blogger സു | Su said...

നന്ദി. :)

qw_er_ty

3:39 AM  
Anonymous Anonymous said...

നന്നായിട്ടുണ്ട്‌ തഥാഗതന്‍...

പറ്റുമെങ്കില്‍ ചരിത്രം പേറുന്ന സ്ഥലത്തിന്റെ ഏതെങ്കിലും ഫോട്ടോ സംഘടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുമല്ലോ..

കൂടുതല്‍ റെഫറന്‍സ്‌ ആവശ്യമായി വരികയാണെങ്കില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല' ഉപകരിയ്ക്കും എന്നു തോന്നുന്നു.

---കൊച്ചുഗുപ്തന്‍

4:43 AM  
Anonymous Anonymous said...

മേഴത്തോള്‍ അഗ്നിഹോത്രിയെക്കുറിച്ചുള്ള ലേഖനം ഉഗ്രന്‍.. അത്യുഗ്രന്‍.. കഥയുടെ ചുരുക്കം മാത്രമേ കേട്ടിട്ടുള്ളുവെങ്കിലും ഇത്‌ വിശദമായി എഴുതിയതിന്‌ തഥാഗതന്‌ അഭിനന്ദനങ്ങള്‍.. വരരുചിയുടെയും പറയിയുടെയും മറ്റുള്ള പതിനൊന്നു സന്താനങ്ങളെക്കുറിച്ചും എഴുതുമല്ലോ.. കാത്തിരിക്കുന്നു.

കൃഷ്‌ | krish

10:37 PM  
Blogger Siju | സിജു said...

നന്നായിരിക്കുന്നു
qw_er_ty

10:47 PM  
Blogger ഷിജു അലക്സ്‌‌: :Shiju Alex said...

തഥാഗതന്‍ ചേട്ടാ
ഇതൊന്നും അറിയുകയേ ഇല്ലായിരുന്നു. ഈ വിജ്ഞാനത്തിനു നന്ദി.

വര്‍ഷം ഒക്കെ ഇത്ര കൃത്യമായി പറയുന്നത് എങ്ങനെയാണ്? റെഫറസുകള്‍ കൂടി ലേഖനത്തോടൊപ്പം കൊടുത്താല്‍ നന്നായിരുന്നു.

10:59 PM  
Blogger തഥാഗതന്‍ said...

ഷിജു

അഗ്നിഹോത്രി ഇല്ലത്തെ ചില ചരിത്ര രേഖകളില്‍ നിന്നും എടുത്തതാണ്‌ ഈ വിവരങ്ങള്‍( എന്റെ ഒരു സുഹൃത്താണ്‌ അവിടെ പോയി ഇതൊക്കെ ശേഖരിച്ചത്‌. അദ്ദേഹം എനിയ്ക്ക്‌ തന്ന വിവരങ്ങള്‍ ആണിവ)

11:21 PM  
Blogger bodhappayi said...

പറയിപെറ്റ പന്തിരുകലത്തിന്‍റെ കഥ പണ്ടു കെ ബി ശ്രീദേവി മാത്രുഭൂമിയില്‍ എഴുതിയിരുന്നു. അതിലെ ഹീറോ അഗ്നിഹോത്രി തന്നെയായിരുന്നു, പ്രത്യേകിച്ചു അത്ഭുതപ്പെടേണ്ട കാര്യം അതില്‍ ഇല്ലല്ലോ... :)

3:35 AM  
Blogger പാര്‍വതി said...

ജിജ്ഞാസയുണര്‍ത്തുന്ന കഥകള്‍, ഇത് പോലെ മറ്റുള്ളവരെ പറ്റിയും പറയൂ, പല‍തും അതിശയോക്തികളും മറ്റുമാണ് കേട്ടിട്ടുള്ളത്.

-പാര്‍വതി.

3:43 AM  
Blogger ഷിജു അലക്സ്‌‌: :Shiju Alex said...

പ്രിയ പാലക്കാട്ടുകാരെ നമ്മുടെ പാലക്കാട് പട്ടണത്തെ കുറിച്ച് മലയാളം വിക്കിയില്‍ ഉള്ള ഈ ലേഖനം അപൂര്‍ണ്ണമാണ്. http://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D

ഞാന്‍ നമ്മുടെ ഈ ബ്ലൊഗ്ഗില്‍ നിന്നു കിട്ടിയ കുറച്ചു വിവരങ്ങള്‍ അതില്‍ ചേര്‍ത്തിട്ടിട്ടുണ്ട്.

കുറച്ചു വിവരങ്ങള്‍ ഇംഗ്ലീഷ് വിക്കിയിലെ ഈ
http://en.wikipedia.org/wiki/Palakkad ലേഖനത്തില്‍ നിന്നു കിട്ടും. നമുക്ക് ഇത് ഒന്നു കൂടി പുഷ്ഠിപ്പെടുത്തേണ്ടേ?

“മേഴത്തോള്‍ അഗ്നിഹോത്രി" യെ കുറിച്ചും “വീഴുമല“യെ കുറിച്ചും ഉള്ള വിവരങ്ങള്‍ ഞാന്‍ മലയാളം വിക്കിയില്‍ ചേര്‍ത്തിട്ടുണ്ട്.

8:48 PM  
Blogger തഥാഗതന്‍ said...

ഷിജു
ഭ്രാന്തന്‍ മല, ചൂലന്നൂരിലെ മയില്‍ സങ്കേതം,തോണിപ്പാടത്തെ നന്നങാടികള്‍,വൈദ്യമഠം ചരിത്രം,പട്ടാമ്പി നേര്‍ച്ച,പുനര്‍ജ്ജനി ഗുഹ,കോട്ടയും അഞ്ചുവിളക്കും,കൊങന്‍പട,മലമ്പുഴയിലെ യക്ഷി,കല്‍പ്പാത്തി രഥോത്സവം,ധോണിമല,ആര്യങ്കാവു പൂരം,കാവശേരി പൂരം,നെന്മാറ വേല,മാ‍ങ്കോട്ട്കാവ് എന്നിവയെ കുറിച്ചൊക്കെ ഉള്ള കാര്യങള്‍ ഇവിടെ എഴുതാന്‍ ശ്രമിയ്ക്കുകയാണ്. തിരക്കൊന്നൊഴിയട്ടെ, ശരിയാക്കം

9:10 PM  
Blogger ഷിജു അലക്സ്‌‌: :Shiju Alex said...

അടിപൊളി. നമ്മള്‍ പാലക്കാട്ടുകാര്‍ കലക്കുമല്ലോ. അമ്പടാ ഞങ്ങള്‍ പാലക്കാട്ടുകാരേ. എല്ലാം സമയം പോലെ പോരട്ടെ.

വീഴുമലയെ കുറിച്ച് കൂടുതല്‍ വിവരം തരാന്‍ കണ്ണൂസിനു കഴിയുമോ?

9:16 PM  
Blogger ദേവന്‍ said...

പന്തിരുകുല ചരിത്രതം മൈനാഗന്‍ പറഞ്ഞതുപോലെ "vista rama " ഭയത്താലാവും ചുരുക്കി ചുരുക്കു ഇത്തിരിയാക്കി വച്ചിരിക്കുകയാണ്‌ ഐതിഹ്യമാലയില്‍ കൊച്ചുഗുപ്താ. തഥാഗതന്‍ മാഷേ, ചില കഥകള്‍ കൂടെ കമന്റായി ഇവിടെയിടട്ടോ?

അഗ്നിഹോത്രിക്ക്‌ പാക്കനാര്‍ പാതിവ്രത്യം എന്തെന്നു പറഞ്ഞുകൊടുത്തതും പിന്നെ പെരുന്തച്ചന്‍ മേഴത്തോളില്‍ കുഴി കുത്തിയതും പാക്കനാര്‍ ബലിക്കു ദ്രവ്യം കൊണ്ട്‌ അഗ്നി മാഷിനു കൊടുത്തതും ഒക്കെ?

ഓച്ചിറ പോസ്റ്റില്‍ നിന്നും നേരേ ഇങ്ങോട്ടു പിടിച്ചതാ ഞാന്‍.

1:57 AM  
Blogger ഷിജു അലക്സ്‌‌: :Shiju Alex said...

ദേവേട്ടാ അറിയുന്നതൊക്കെ ഇടൂ. എന്നിട്ട് വേണം അതൊക്കെ എടുത്ത് വിക്കിയിലിടാന്‍. വേഗം പൊരട്ടെ.

2:04 AM  
Blogger തഥാഗതന്‍ said...

ദേവ്‌
എന്തിനു മടിയ്ക്കുന്നു.. പൌര്‍ണ്ണമിയല്ലെ ഭൂവില്‍

ഐതിഹ്യമാല,വളരെ ചുരുക്കം വിവരങളേ തരുന്നൊള്ളു.. ഓച്ചിറ പരബ്രഹ്‌മം എന്ന് പറയുന്നത്‌ പോലെ ഈ കഥകളേ ആസ്പദമാക്കി മഹിഷപരബ്രഹ്‌മം എന്നും നിര്‍ഗ്ഗുണ പരബ്രഹം എന്നും ഒക്കെ ഉപയോഗിയ്ക്കുന്നതു കണ്ടിട്ടുണ്ട്

2:25 AM  
Blogger ദേവന്‍ said...

അഗ്നിഹോത്രിയും പാതിവ്രത്യവും
പന്തിരുവരില്‍ പതിനൊന്നുപേരും ചേര്‍ന്ന് അക്കൊല്ലവും മേഴത്തോളില്ലത്തുവച്ച്‌ വരരുചിയെ ശ്രാദ്ധമൂട്ടി. എന്നിട്ട്‌ ഊണിനിരുന്നു. അഗ്നിഹോത്രിയുടെ അന്തര്‍ജ്ജനം മറക്കുടയും പുതപ്പുമായി അകത്തുനിന്നിറങ്ങി ഭര്‍ത്താവിനും അനുജന്മാര്‍ക്കും വിളമ്പി.

ഇവര്‍ എന്താണു മൂടിപ്പുതച്ച്‌ കുടയെടുത്തു വന്നതെന്ന് പാക്കനാര്‍ അന്വേഷിച്ചു. അന്യന്റെ മുന്നില്‍- അതനുജന്മാരായാല്‍പ്പോലും, മുഖവും ദേഹവും മറക്കാതെ വരാത്തത്‌ പാതിവ്രത്യ ധര്‍മ്മത്തിന്റെ ഭാഗമാണെന്നു തുടങ്ങി അഗ്നിഹോത്രി അന്തര്‍ജ്ജനത്തിനു പതിയിലുള്ള ആദരവിനെയും സ്നേഹത്തെയും അദ്ദേഹത്തിനു വേണ്ടി അവര്‍ നോല്‍ക്കുന്ന വ്രതങ്ങളെയും പറ്റി ദീര്‍ഘമായ ഒരു പസംഗം തന്നെ നടത്തി.

തനിക്കിതൊന്നും മനസ്സിലാവുന്നില്ലെന്നും ഇതൊന്നുമില്ലാതെ തന്നെ തന്റെ ഭാര്യ പത്നീധര്‍മ്മം ഭംഗിയായി നിറവേറ്റുന്നുണ്ടെന്നുമായി പാക്കനാര്‍.

പറയിപ്പെണ്ണിനും പാതിവ്രത്യമോ? 99 അഗ്നിഹോത്രങ്ങള്‍ക്ക്‌ കാര്‍മ്മികനായിരുന്ന മഹാബ്രാഹ്മണന്‍ പരിഹസിച്ചു. തര്‍ക്കമായി. ഒടുക്കം അതൊന്നു പരീക്ഷിച്ചറിയാമെന്ന് ഇരുവരും തീരുമാനിച്ചു.

ഈരാറ്റിങ്കല്‍ പറയക്കൂടിയും തൃത്താലയ്ക്കടുത്തു തന്നെ. ഇരുവരും ഇല്ലത്തുനിന്നും അവിടെക്കു നടന്നു. പാക്കനാരുടെ ഭാര്യ ചാളമുറ്റത്ത്‌ ഒരൊറ്റത്തോര്‍ത്തു മാത്രമുടുത്ത്‌ ഇരുന്നു കുട്ട നെയ്യുന്നു. ജ്യേഷ്ഠനെക്കണ്ട്‌ അവര്‍ അകത്തേക്കോടിയുമില്ല, ദേഹം മുണ്ടിട്ടു മൂടിയുമില്ല. എഴുന്നേറ്റ്‌ ചിരിച്ചു നിന്നു. ഇതോ ഇവളുടെ പാതിവ്രത്യം, അഗ്നിഹോത്രി മനസ്സില്‍ പരിഹസിച്ചു.

ഇവിടെ നെല്ല് ഇരിപ്പുണ്ടോ? പാക്കനാര്‍ ഭാര്യയോട്‌ അന്വേഷിച്ചു.
ഉണ്ട്‌
എത്ര വരും?
ഒരു പറയെങ്കിലും ഉണ്ടാവും.
അതില്‍ അരപ്പറ എടുത്തു കുത്തി അരി ആക്ക്‌.
അവര്‍ പോയി വന്നു
അരി ആക്കിയിട്ടുണ്ട്‌
എടുത്ത്‌ ചോറു വച്ചോളൂ.
പാക്കനാരുടെ ഭാര്യ വീണ്ടും പോയി വന്നു.
ചോറായി.
എടുത്തു കുപ്പയില്‍ കളഞ്ഞേക്കൂ.
അവര്‍ അതെടുത്ത്‌ ഒറ്റയേറ്‌, അഴുക്കുചാലിലേക്ക്‌
" ഞാന്‍ എന്തിനിതു ചെയ്തെന്ന് നീ അന്വേഷിച്ചില്ലല്ലോ?" പാക്കനാര്‍ തിരക്കി
"എന്നോട്‌ ഇങ്ങനെ വിചിത്രമായൊരു പ്രവര്‍ത്തി ചെയ്യാന്‍ പറഞ്ഞത്‌ എന്തെങ്കിലും കാര്യമില്ലാതെ ആവില്ലല്ലോ. പിന്നെ എന്തിനു ചെയ്യുന്നെന്ന് പറയാത്തതിനാല്‍ എന്നോട്‌ ഇപ്പോള്‍ പറഞ്ഞുകൂടാത്ത എന്തോ കാര്യമാണെന്ന് തോന്നി, അതുകൊണ്ട്‌ അന്വേഷിച്ചില്ല."

ഇതൊന്നു സ്വന്തം ഇല്ലത്ത്‌ പരീക്ഷിച്ചു നോക്കാന്‍ പറഞ്ഞു.
നമ്പൂതിരി ഇല്ലത്തെത്തി. അകത്തുള്ളാള്‍ കാല്‍ കഴുകി സ്വീകരിച്ചു.
"ഇവിടെ നെല്ലിരിപ്പുണ്ടോ?"
"ഈ പത്തായങ്ങള്‍ നിറയെ നെല്ലാണല്ലോ, ഇവിടേയ്ക്കറിയരുതോ?"
"അതില്‍ നിന്നും അരപ്പറ എടുത്തു കുത്തി അരിയാക്കൂ."
"അരി ധാരാളം ഇരിപ്പുണ്ട്‌, പിന്നെന്തിനു നെല്ലു കുത്തുന്നു?" അന്തര്‍ജ്ജനം
"അതു വേണ്ടാ, ഇപ്പോള്‍ നെല്ലു കുത്തിയ അരി വേണം അരപ്പറ"
അന്തര്‍ജ്ജനം
ഇരിക്കണമ്മയെ വിളിക്കാന്‍ ഭാവിച്ചു.
"വേണ്ടാ നീ തന്നെ കുത്തണം."
എന്തോ കര്‍മ്മം നടത്താനാവും, അവര്‍ സമാധാനിച്ചു. നെല്ലു കുത്തി ശീലമില്ലാഞ്ഞും അരപ്പറ അരിയുണ്ടാക്കി വന്നു.
"അത്‌ ചോറാക്ക്‌."
"ഇവിടേക്ക്‌ ഇന്നെന്തുപറ്റി. കുറച്ചു മുന്നേ ഊണു കഴിഞ്ഞത്‌ മറന്നോ?" ഭാര്യ ചിരിച്ചു.
"ചോദ്യം വേണ്ടാ, ചോറു വച്ചോളൂ."
ഓരോ നൊസ്സ്‌. എന്നു പിറുപിറുത്ത്‌ അവര്‍ ചോറു വാര്‍ത്തു.
"ഇനിയതെടുത്ത്‌ കുപ്പയില്‍ കളയ്‌." അഗ്നിഹോത്രി ഗാംഭീര്യത്തോടെ പറഞ്ഞു.

അന്തര്‍ജ്ജനം പിന്നാക്കം ഓടി മാറി
"രാമാ, ആരാ അപ്പുറത്ത്‌, ഇവിടേക്ക്‌ എന്തോ കൂടിയിരിക്കുന്നൂ, ഒന്നു വന്നു നോക്കുക, വൈദ്യരെ വിളിക്കാന്‍ ആളേം ഇപ്പോ തന്നെ..."

അഗ്നിഹോത്രി രാവിലേ വീണ്ടും പാക്കനാരെ കണ്ടു. പാതിവ്രത്യം എന്നാല്‍ എന്തെന്ന് മനസ്സിലാക്കി തന്നതിനു നന്ദി പറയാന്‍.

"പത്നീധര്‍മ്മം ഭര്‍ത്താവിലുള്ള വിശ്വാസമാണെന്ന് മനസ്സിലാക്കിയതില്‍ സന്തോഷം. പതിയുടെ ധര്‍മ്മവും ഭാര്യയിലുള്ള വിശ്വാസം തന്നെ. ജ്യേഷ്ഠനും ഭാര്യക്കും നല്ലത്‌ വരട്ടെ." പാക്കനാര്‍ അനുഗ്രഹിച്ചു.

(യോഗിഭായി, ഷിജൂ, ദേ ഒരെണ്ണമിട്ടു. )

1:35 AM  
Blogger ഷിജു അലക്സ്‌‌: :Shiju Alex said...

ദേവേട്ടാ അസ്സലായിട്ടുണ്ട്. ഇങ്ങനത്തെ മുത്തുക്കള്‍ ഒക്കെ നഷ്ടപ്പെട്ടുപോകാതെ ഒരോന്നായി പോരട്ടെ.
നേരെ വിക്കിയിലിട്ടിട്ടുണ്ട്. ഇനി ഒന്നു വിക്കിവത്കരിച്ച് വിജ്ഞാനകോശ സ്വഭാവത്തില്‍ ആക്കണം . ഈ കഥകള്‍ ഒന്നും കേട്ടിട്ടേ ഇല്ലായിരുന്നു.

1:43 AM  
Blogger Vempally|വെമ്പള്ളി said...

തഥാഗതനും ദേവനും - ഇതൊക്കെ വായിക്കാനെന്തു രസം. ദേവാ, ഇനിയും വേണം

1:53 AM  
Blogger തഥാഗതന്‍ said...

അഗ്നിഹോത്രി കഥയ്ക്ക്‌ ഒരു അനുബന്ധം കൂടെ

ഒരിയ്ക്കല്‍ കാവേരി നദിയില്‍ ഒരു വലിയ വെള്ളപ്പൊക്കം ഉണ്ടായി. രണ്ട്‌ തീരങ്ങളിലും ഒരുപാട്‌ നാശ നഷ്ടങ്ങള്‍ ഉണ്ടായി ഇതു മൂലം. നദീ തീരത്ത്‌ താമസിയ്ക്കുന്ന ഒരു അമ്മ്യാര്‍ക്ക്‌( തമിഴ ബ്രാഹ്‌മണ സ്ത്രീ) ഒരു വെളിപാടുണ്ടായി. മേഴത്തോള്‍ അഗ്നിഹോത്രിയ്ക്ക്‌ മാത്രമേ ഇതിന്‌ ഒരു പരിഹാരം ഉണ്ടാക്കാനാവു എന്നായിരുന്നു ആ വെളിപാട്‌. അതുപ്രകാരം അഗ്നിഹോത്രിയെ അങ്ങോട്ട്‌ ക്ഷണിച്ചു. അഗ്നിഹോത്രി അവിടെ ചെല്ലുകയും പുഴയില്‍ മുങ്ങി മൂന്നാം ദിവസം കയ്യില്‍ മൂന്ന് കുന്തങ്ങളുമായി പൊന്തിവരികയും ചെയ്തു. ഗന്ധര്‍വന്മാര്‍ ഉപേക്ഷിച്ച്‌ പോയ കുന്തങ്ങളായിരുന്നു അവ. ആ കുന്തങ്ങള്‍ നദിയ്ക്കടിയില്‍ ഉണ്ടായതാണ്‌ വെള്ളപ്പൊക്കത്തിനു കാരണം എന്ന് അഗ്നിഹോത്രി വെളിപ്പെടുത്തി.

അഗ്നിഹോത്രി ആ അമ്മ്യാരെ തന്റെ മൂന്നാമത്തെ ഭാര്യയായി സ്വീകരിച്ചു. സ്വര്‍ണ്ണം,വെള്ളി,ചെമ്പ്‌ എന്നിവ കൊണ്ടുണ്ടാക്കിയ ഓരോ കുന്തങ്ങളായിരുന്നു അവ. സ്വര്‍ണ്ണക്കുന്തം അദ്ദേഹം സ്വന്തം വീട്ടില്‍ സ്ഥാപിച്ചു. വെള്ളിക്കുന്തം വെള്ളിയാം കല്ലിലും,ചെമ്പുകുന്തം കൊടിക്കുന്നത്തും സ്ഥാപിയ്ക്കുകയുണ്ടായി. വേമഞ്ചേരി മനയുടെ പടിഞ്ഞാറ്റിനിയില്‍ സ്ഥാപിച്ച സ്വര്‍ണ്ണ കുന്തം,പിന്നീട്‌ ഒരു വലിയ കല്‍വിളക്കായി മാറി എന്ന് ഐതിഹ്യം.

ഉത്തരായനത്തിലെ ഭീഷ്മാഷ്ഠമി നാളില്‍ പന്തിരുകുലത്തിലെ പതിനൊന്നു മക്കളും,പിതാവ്‌ വരരുചിയ്ക്ക്‌ ശ്രാദ്ധമൂട്ടാന്‍ വേമഞ്ചേരി മനയില്‍ ഒത്തുകൂടാറുണ്ടായിരുന്നു.

അഗ്നിഹോത്ര പുക പിടിച്ച വേമഞ്ചേരി മനയിലെ പടിഞ്ഞാറ്റിനിയില്‍ നിന്നാണത്രെ ശ്രൌത സംസ്കാരത്തിന്റെ സ്ഫുലിംഗങ്ങള്‍ ഉടലെടുത്തത്‌.

വാസ്തു വിദ്യയുടേയും തച്ചുശാസ്ത്രത്തിന്റേയും സംഗമമാണ്‌ മനയിലെ യജ്ഞശാല.

പടിഞ്ഞാറ്റിനിയില്‍ ശാന്തശീലയായ ഭഗവതിയും,നടുമുറ്റത്ത്‌ സംഹാരരൌദ്രയായ ദുര്‍ഗ്ഗയും ഭദ്രകാളിയും കൃഷ്ണകാളിയും നിലകൊള്ളുന്നു.


ഈ മനയിലേയ്ക്കാണ്‌ അഗ്നിഹോത്രിയുടെ അനിയനായ പാക്കനാര്‍ അച്ഛന്റെ ശ്രാദ്ധത്തിന്‍,കഴുത്തില്ലാത്ത,ചത്ത പശുവിനേയും തോളിലിട്ട്‌ വന്നത്‌


യജ്ഞങ്ങളില്‍ യജമാനപത്നിയായിരുന്ന,അഗ്നിഹോത്രിയുടെ ആദ്യ ഭാര്യ പത്തനാടി എന്ന പേരില്‍ അറിയപ്പെട്ടു. ശ്രാദ്ധത്തിനെത്തുന്ന അന്യജാതിക്കാരായ സഹോദരന്മാര്‍ക്ക്‌( പ്രത്യേകിച്ച്‌ അതില്‍ ഹീന ജാതിക്കാരും ഉള്ളത്‌ കൊണ്ട്‌) ഇല്ലത്ത്‌ വെച്ച്‌ വിളമ്പുന്നതില്‍ പ്രതിഷേധിച്ച്‌,അവര്‍ വേമഞ്ചേരി മന ഉപേക്ഷിച്ച്‌ അടുത്തു തന്നെ ഉള്ള വെളുത്ത പട്ടേരി ഇല്ലത്ത്‌ താമസമാക്കി.

രണ്ടാമത്തെ ഭാര്യയ്ക്ക്‌,വാല്‍ക്കണ്ണാടിയിലൂടെ ഭഗവതി സ്പര്‍ശം ഉണ്ടാകുകയും,അവരും മന വിട്ട്‌ കൂടല്ലൂരുള്ള കോടനാട്ട്‌ മനയില്‍ ചെന്ന് താമസമാക്കുകയും ചെയ്തു. മനയ്ക്കുള്ളില്‍ ഉള്ള അമ്പലങ്ങളുടെ വിശുദ്ധി കാത്തു രക്ഷിയ്ക്കാനായി,വമെഞ്ചേരി മനയിലെ അംഗങ്ങല്‍ തൊട്ടടുത്തുള്ള പത്തായപ്പുരയിലേയ്ക്ക്‌ മാറി താമസിയ്ക്കുകയും, പിന്നീട്‌ അവിടെ നിന്നും ഒറ്റപ്പാലത്തിനടുത്തുള്ള കടമ്പൂര്‍ എന്ന സ്ഥലത്തേയ്ക്ക്‌ താമസം മാറ്റുകയും ചെയ്തു

3:05 AM  
Blogger തഥാഗതന്‍ said...

പന്തിരുകുലത്തിലെ മറ്റൊരു അംഗമായ രജകനെ( അലക്കുകാരനായിരുന്നു) കുറിച്ചും,അദ്ദേഹം സ്ഥാപിച്ച വേദപാഠശാലയെ കുറിച്ചും,കടവല്ലൂര്‍ അന്യോന്യത്തെ കുറിച്ചും,തിരുനാവ വിദ്യാലയത്തേയും തൃശ്ശൂര്‍ വിദ്യാലയത്തെ കുറിച്ചും ഒക്കെ എഴുതേണ്ടത്‌ തൃശ്ശൂര്‍കാരും മലപ്പുറംകാരുമാണ്‌. അവര്‍ അതിനു തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ ഞങ്ങള്‍ പാലക്കാടുകാരന്‍ ആക്കുമെന്നും, ആ കഥകള്‍ എഴുതി അദ്ദേഹത്തില്‍ ഞങ്ങള്‍ പാലക്കടുകാര്‍ അവകാശം സ്ഥപിയ്ക്കുമെന്നും ഇതിനാല്‍ ഭീഷണിപ്പെടുത്തിക്കൊള്ളുന്നു

3:23 AM  
Blogger മുല്ലപ്പൂ || Mullappoo said...

ദേവേട്ടാ,
ഇതിലെ കമെന്റു കണ്ടു പോസ്റ്റാണു എന്നു കരുതി , പിന്മൊഴിയില്‍ നിന്നും ഇവിടെ വന്നു. പോസ്റ്റിന്റെ ഉള്ളടക്ക്ം മാറിയപ്പോള്‍ വീണ്ടും തിരികെ പിന്മൊഴിയില്‍ പോയി (കമെന്റു നോക്കിയില്ല). ഇതെല്ലാം കുട്ടി പോസ്റ്റുകളാക്കൂ. ഇനി യുള്ളവ എങ്കിലും ...

3:24 AM  
Blogger മുല്ലപ്പൂ || Mullappoo said...

തഥാഗതാ, നല്ല പോസ്റ്റ്. ഇനിയും,ഇനിയും...

3:25 AM  
Blogger ഡാലി said...

തഥഗതാ, അടിപൊളി പോസ്റ്റ്കളൊക്കെ കാണുന്നുണ്ട്, വായിക്കുന്നുണ്ട്. പാലക്കാട് കാറ്റിനോട് ഒരു ചിന്ന കുശുമ്പും.
തൃശ്ശൂര്‍ക്കരെ വെല്ലുവിളിക്കേണ്ടാട്ടൊ. എന്തൊക്കെ വെല്ലുവിളിച്ചാലും അതൊന്നും ഏല്‍ക്കത്ത അസ്സല്‍ മലയാളി സ്വഭാവമുള്ളോരാ തൃശ്ശൂക്കാര്‍. ചൂട് പിടിച്ച് വരാന്‍ സമയം എടുക്കും. പക്ഷേ ചൂടു പിടിച്ചാ...

അതിനടക്ക് ഒരു കാര്യം പറയാന്‍ മറന്നു. ഞാന്‍ ഇപ്പോ കൊല്ലത്താ‍ാ‍ാ

5:01 AM  
Anonymous Anonymous said...

തഥാ.. മേഴത്തോള്‍ അഗ്നിഹോത്രിയെക്കുറിച്ചുള്ള അനുബന്ധകഥകള്‍ നന്നാകുന്നുണ്ടല്ലോ...ഇതെല്ലാം കൂടി ചുരുട്ടിയെടുത്ത്‌ ഷിജുവിനെ ഏല്‍പ്പിക്കാം അല്ലേ.

ഡാലീ ചൂടായി വരുന്നെന്നാ തൊന്നുന്നത്‌, ഈ ഡിസംബര്‍ തണുപ്പിലും... തൃശ്ശൂര്‍ കഥകള്‍ എഴുതാനേ..

കൃഷ്‌ | krish

6:36 AM  

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home