Tuesday, December 19, 2006

113ആം പിറന്നാള്‍ ആഘോഷിക്കുന്ന സ്കൂള്‍.

113ആം പിറന്നാള്‍ ആഘോഷിക്കുന്ന സ്കൂള്‍.

കേരളത്തിലേയും, പ്രത്യേകിച്ച്‌ പാലക്കാട്‌ ജില്ലയിലെ നൂറു വര്‍ഷം തികച്ച ചുരുക്കം ചില സ്കൂളുകളില്‍ ഒന്നാണ്‌ ഇന്ന്‌ (ഡിസംബര്‍ 19-ന്‌) 113ആം പിറന്നാള്‍ ആഘോഷിക്കുന്ന ചിറ്റിലംചേരിയിലെ എ.യു.പി. സ്കൂള്‍.

1893-ല്‍ ഒരു എഴുത്തുപള്ളിക്കൂടമായാണ്‌ ഈ സ്കൂള്‍ തുടങ്ങിയത്‌. 1903-ല്‍ ഇത്‌ ഒരു അംഗീകൃത വിദ്യാലയമായി. 1952-ല്‍ ഈ എഴുത്തുപള്ളിക്കൂടത്തിനെ ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തുകയും, 1955-ല്‍ ഇ.എസ്‌.എല്‍.സി. പരീക്ഷാസമ്പ്രദായം ആരംഭിക്കുകയും ചെയ്തു. പഠനരംഗത്തും കലാ-കായിക രംഗത്തും ഈ സ്കൂള്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു.1993-ല്‍ എല്‍.കെ.ജി. മുതല്‍ ഏഴാം ക്ലാസ്സുവരെ ഇംഗ്ലീഷ്‌ മീഡിയവും ആരംഭിച്ചു.

ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന സി.പി. രവീന്ദ്രനാഥ്‌, ഇപ്പോഴത്തെ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ എം. എന്‍. കൃഷ്ണന്‍ എന്നിവര്‍ ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളില്‍ ചിലര്‍. ഈ സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന ശ്രീ പി. മുരളീധരന്‌ 1993ലെ സംസ്ഥാന അധ്യാപക അവാര്‍ഡും 1999ലെ ദേശീയ അധ്യാപക അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

ഈ പ്രദേശത്തിനു ചുറ്റുമുള്ള മറ്റു പലരെയും പോലെ ഞാനും മലയാളവും ഇംഗ്ലീഷും ഹിന്ദിയുമെല്ലാം പഠിച്ചുതുടങ്ങിയത്‌ ഈ വിദ്യാലയത്തില്‍ നിന്നാണ്‌.അനേകായിരം കുട്ടികള്‍ക്ക്‌ വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ കുറിച്ചുകൊടുത്ത ഈ വിദ്യാലയത്തേയും ഗുരുക്കന്മാരേയും ഈ അവസരത്തില്‍ സ്മരിക്കുന്നു.
113ആം പിറന്നാള്‍ ആശംസകള്‍.

കൃഷ്‌ krish

Friday, December 08, 2006

മലമ്പുഴ യക്ഷി.


മലമ്പുഴ യക്ഷി.

സുപ്രസിദ്ധ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ തന്റെ കരവിരുത്‌ തെളിയിച്ച പ്രശസ്തമായ "യക്ഷി".
വര്‍ഷങ്ങളായി കാണികള്‍ക്ക്‌ കൗതുകം ഉണര്‍ത്തിയ സൃഷ്ടി.

മലമ്പുഴ ഉദ്യാനത്തില്‍ മാറും വിരിച്ച്‌ പ്രൗഡിയോടെ ഇരിക്കുന്ന യക്ഷി.. ഇന്നും ആരേയോ കാത്ത്‌..

എത്രയെത്ര പേര്‍ കൗതുകത്തോടെ നിന്റെ വിസ്മയിപ്പിക്കുന്ന രൂപവും, വിശ്വാകാരവും കണ്ട്‌ നിന്റെ മുന്നില്‍ വായുംപൊളിച്ച്‌ നോക്കിനിന്നു.

യുവതികളും സ്ത്രീജനങ്ങളും നഗ്നയായ യക്ഷിയുടെ മുന്നിലെത്തിയപ്പോള്‍ മുഖം കുനിച്ചില്ലേ.., അര്‍ത്ഥം വെച്ച്‌ അടക്കിചിരിച്ചില്ലേ.. ഒളികണ്ണിട്ട്‌ നോക്കിയില്ലേ..

ചില ബ്ലോഗന്മാരെപ്പോലെ യുവപൂവാലന്മാര്‍ കമന്റിയില്ലേ.. യക്ഷിയുടെ കാലിന്‍ചുവട്ടില്‍ നിന്ന്‌ പല പോസിലും പടം പിടിക്കാന്‍ വെമ്പിയില്ലേ... കാല്‍ച്ചുവട്ടില്‍ പൂക്കള്‍ വെച്ച്‌ "സായൂജ്യം" കൊണ്ടില്ലേ..

ഈ രാത്രിയിലും നീയെത്ര സുന്ദരി... ഇന്നത്തെക്കാലത്തെ മോഡേണ്‍ "യക്ഷി"കള്‍ പോലും നാണിച്ച്‌ തലതാഴ്ത്തും.. തീര്‍ച്ച.
----

(വാല്‍ക്കഷണം: യക്ഷിയുടെ ചിത്രങ്ങള്‍ ഇവിടെ ഇടുന്നില്ല..
കാണാന്‍ താല്‍പ്പര്യമുള്ളവര്‍ ഇവിടെ ഞെക്കുക.
1, 2, 3, 4, 5..)

കൃഷ്‌ krish