Saturday, January 12, 2008

പാലക്കാടിന്റെ സംഗീത വഴികള്‍ - II

കര്‍ണ്ണാടകസംഗീതവും ഹിന്ദുസ്ഥാനിയും ഉള്‍ക്കൊള്ളുന്ന ഭാരതീയ ശാസ്ത്രീയസംഗീതം നൂറ്റാണ്ടുകളായി , സാവകാശത്തിലാണേങ്കില്‍പ്പോലും വളര്‍ച്ചയുടെ പാതയില്‍ തന്നെയാണ്‌ . സംഗീതരത്നാകരത്തിന്റെ കര്‍ത്താവായി കരുതപ്പെടുന്ന ശാര്‍ംഗദേവന്‍, മാതംഗന്‍ എന്നിവരെല്ലാം കര്‍ണ്ണാടകത്തില്‍ ജനിച്ചവരായിരുന്നെങ്കില്‍പ്പോലും വിജയനഗര സാമ്രാജ്യം രൂപം കൊണ്ട അതേ കാലഘട്ടത്തോടനുബന്ധിച്ച്‌ ഏകദേശം പതിമൂന്നാം നൂറ്റാണ്ടിലാണ്‌ ദക്ഷിണേന്ത്യന്‍ സംഗീതം അതിന്റെ വികാസത്തിന്റെ വഴികളില്‍ എത്തിപ്പെടുന്നത്‌. വിജയനഗരരാജാക്കന്മാരായ അച്യുതരായരുടെയും കൃഷ്ണദേവരായരുടേയും ഭരണകാലത്ത്‌ സംഗീതശാസ്ത്ര സംബന്ധിയായ ഒട്ടനവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെടുകയും അനേകം സംഗീതവിശാരദന്മാരും ഗായകരും എഴുത്തുകാരും വിജയനഗര തലസ്ഥാനമായ ഹംപിയില്‍ താമസത്തിനെത്തുകയും ചെയ്തു.
കൃഷ്ണദേവരായര്‍

കര്‍ണ്ണാടക സംഗീതാധ്യയനത്തിനു ഒരു ക്രമവും ബലവത്തായ അടിത്തറയും ഉണ്ടാക്കിയത്‌ പുരന്ദരദാസര്‍ ആയിരുന്നു. പുരന്ദരദാസരുടെ മരണം നടന്ന അതേ കാലഘട്ടത്തില്‍ത്തയൊയിരുന്നു വിജയ നഗര സാമ്രാജ്യത്തിന്റെ തകര്‍ച്ചയും ആരംഭിച്ചത്‌.
പുരന്ദരദാസര്‍
രാജാവില്‍നിന്നുള്ള പ്രോത്സാഹനം കുറഞ്ഞതോടെ സ്വാഭാവികമായും കലാകാരനമാര്‍ മറ്റ്‌ കലാസ്വാദകരായ രാജാക്കന്മാരെ അന്വേഷിച്ച്‌ മറ്റുള്ള നാട്ടുരാജ്യങ്ങളില്‍ എത്തിപ്പെട്ടു. മൈസൂരിലെ വൊഡയാര്‍ രാജാക്കന്‍മാരുടെയും തഞ്ചാവൂരിലെ നായിക്ക്‌ രാജാക്കന്മാരുടെയും കാലത്താണിത്‌. ഈ രണ്ടു കൂട്ടരും തങ്ങളുടെ കൊട്ടാരങ്ങളില്‍ എത്തിപ്പെട്ട കലാകാരന്മാര്‍ക്ക്‌ പ്രോത്സാഹനവും സംരക്ഷണവും നല്‍കി. 1766 ഹൈദരാലി വൊഡയാര്‍ രാജാവില്‍ നിന്നും സിംഹാസനം പിടിച്ചെടൂത്തതോടുകൂടി സംഗീതജ്ഞരില്‍ ഒട്ടൂമുക്കാല്‍പങ്കിനും അവിടെ നിന്നും പലായനം ചെയ്യേണ്ട അവസ്ഥ ഉണ്ടായി. തഞ്ചാവൂരിലെ ശരഭോജി രാജാവിന്റെ കാലത്തായിരുന്നു ഈ സംഭവമെന്നു പറയപ്പെടുന്നു.
കൃഷ്ണരാജ വൊഡയാര്‍ പിന്നീട്‌ കൃഷ്ണരാജ വൊഡയാരുടെ കാലത്ത്‌ മൈസൂരില്‍ സംഗീത സാഹിത്യാദി കലകള്‍ക്ക്‌ പുനരുത്ഥാനമുണ്ടായെങ്കിലും സംഗീതത്തെ സംബന്ധിച്ചിടത്തോളം തഞ്ചാവൂരിലെ മണ്ണ്‌ വളക്കൂറുള്ള ഒന്നായിത്തന്നെ ഗായകരും ഗാനരചയിതാക്കളും കരുതി.
ത്യാഗരാജ സ്വാമികള്‍
തഞ്ചാവൂരില്‍നിന്നും അതിനടുത്ത പ്രദേശങ്ങളില്‍ നിന്നുമാണ്‌ സംഗീതത്തില്‍ അപാരമായ പാണ്ഡിത്യമുള്ള ബ്രാഹ്മണര്‍ പാലക്കാട്‌ എത്തിപ്പെടുന്നതും വളരെ വ്യതിരിക്തമായ ഒരു സാംസ്കാരിക പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരായി ഇവിടത്തെ അഗ്രഹാരങ്ങളില്‍ ജീവിതം ആരംഭിക്കുന്നതും.

പാലക്കാടിന്റെ കര്‍ണ്ണാടക സംഗീത ചരിത്രം സ്വാതി തിരുനാളിന്റെ കാലത്തോട്‌ ചേര്‍ത്തു വെച്ച്‌ വായിക്കേണ്ട ഒന്നാണ്‌. ഗുരുവായൂരില്‍ അക്കാലത്ത്‌ നടക്കേണ്ട ഒരു കച്ചേരിക്ക്‌ ത്യാഗരാജ സ്വാമികളെ ക്ഷണിച്ചപ്പോള്‍ 'നൂറണിയുണ്ടല്ലോ, പിന്നെ ഞാനെന്തിന്‌' എന്ന്‌ സ്വാതി തിരുനാളിനോട്‌ അദ്ദേഹം ചോദിച്ചുവത്രെ .
സ്വാതിതിരുനാള്‍

സ്വാതി തിരുനാളിന്റെ ആസ്ഥാന സംഗീതവിദ്വാനായിരുന്ന നൂറണി പരമേശ്വര ഭാഗവതരെക്കുറിച്ചായിരുന്നു പരാമര്‍ശം (1815-1892) . രാഗം, താനം , പല്ലവി പാടുന്നതില്‍ പ്രാവീണ്യമുള്ള അദ്ദേഹം നൂറണിയിലെ ഇടത്തരം ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍ ധര്‍മരാജഭാഗവതര്‍ ആയിരുന്നു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു പോയതിനാല്‍ അദ്ദേഹത്തെ വളര്‍ത്തിയത്‌ ഗുരുവായൂരിലുള്ള അമ്മാവന്‍ ആയിരുന്നു. ഗുരുവായൂരിലെ താമസം അനവധി സംഗീതജ്ഞ്നരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഇടയാക്കുകയും വളരെ ചെറുപ്പത്തില്‍ തന്നെ സംസ്കൃതത്തിലും സംഗീതത്തിലും ഒന്നു പോലെ പ്രാഗത്ഭ്യം ഉണ്ടാവാന്‍ അത്‌ സഹായിക്കുകയും ചെയ്തു. 16 വയസ്സില്‍ തിരുവനന്തപുരത്തെത്തിയ അദ്ദേഹം പദ്മനാഭസ്വാമി ക്ഷേത്രനടക്കല്‍ പാടിയത്‌ സ്വാതിതിരുനാള്‍ കേള്‍ക്കാന്‍ ഇടവരികയും അങ്ങനെ അന്നു മുതല്‍ അദ്ദേഹം സ്വാതിതിരുനാളിന്റെ വിദ്വല്‍ സദസ്സിലെ അംഗമാവുകയും ചെയ്തു എന്നും പറയപ്പെടുന്നു. ഏതാണ്ട്‌ 50 വര്‍ഷക്കാലം അദ്ദേഹം തിരുവനന്തപുരത്ത്‌ തന്നെയായിരുന്നു താമസം. സ്വാതി തിരുനാള്‍ അദ്ദേഹത്തെ ആത്മസുഹൃത്തായിത്തന്നെ കരുതി സ്നേഹിച്ചിരുന്നുവത്രേ. വടിവേലുവില്‍ നിന്നും വയലിനും അദ്ദേഹം അഭ്യസിച്ചു. വടിവേലുവിന്റെ മരണശേഷം സ്വാതിതിരുനാളിന്റെ ആസ്ഥാനസംഗീതവിദ്വാനായി അദ്ദേഹം അവരോധിക്കപ്പെട്ടു. .അദ്ദേഹത്തിന്റെ സംസ്കൃതഭാഷയിലുള്ള കൃതികള്‍ക്ക്‌ സ്വാതിതിരുനാള്‍ ,ദീക്ഷിതര്‍ കൃതികളോട്‌ വളരെയധികം സാമ്യം ഉള്ളതായും കാണാം.. സ്വാതിതിരുനാളിന്റെതായി പലരും കരുതുന്ന 'സരസിജനാഭ എന്നു തുടങ്ങു നാട്ട രാഗത്തിലുള്ള വര്‍ണ്ണം പരമേശ്വരഭാഗവതരുടെതാണെന്നും പറയപ്പെടുന്നു. . പരമേശ്വര ഭാഗവതരുടെ നൂറണിയിലുള്ള മഠത്തില്‍ സ്വാതിതിരുനാളിന്റെ കൈപ്പടയിലുള്ള പുസ്തകങ്ങള്‍ ഉണ്ടായിരുന്നതായി ചെമ്പൈ സ്മാരകസംഗീത കോളേജിലെ അദ്ധ്യാപകന്‍ രാമസ്വാമി ഓര്‍ക്കുന്നു. കല്യാണി, ബേഗഡ, അഠാണ ,സുരുട്ടി,തോഡി എന്നീ അഞ്ചു രാഗങ്ങളില്‍ സ്വാതി തിരുനാള്‍ ചിട്ടപ്പെടുത്തിയ പ്രശസ്തമായ പഞ്ചരാഗസ്വരജതിക്ക്‌ "സരസഭാവ" എന്ന സാഹിത്യം സംസ്കൃതത്തില്‍ രചിച്ചത്‌ പരമേശ്വര ഭാഗവതര്‍ ആണെന്ന്‌ വിശ്വസിക്കപ്പെടുന്നു .സ്വാതിതിരുനാള്‍, ഉത്രം തിരുനാള്‍,ആയില്യം തിരുനാള്‍ ,വിശാഖം തിരുനാള്‍ എി‍ങ്ങനെ തുടര്‍ച്ചയായി 4 തലമുറകളില്‍ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സംഗീതസദസ്സില്‍ അദ്ദേഹം ഉണ്ടായിരുന്നു.പരമേശ്വരഭാഗവതരുടെ ശിഷ്യന്മാര്‍ കോയമ്പത്തൂര്‍ രാഘവയ്യര്‍ മുക്കൈ ഗണപതി അയ്യര്‍ ,സീതാരാമ ഭാഗവതര്‍, വടക്ക അഞ്ചേരി ശുപ്പമണിഭാഗവതര്‍ ,കിട്ടുഭാഗവതര്‍, നൂറണി അയ്യാഭാഗവതര്‍ എന്നി‍വരായിന്നു.
പ്രശസ്തനായ ഗുരുവിന്റെ പ്രഗത്ഭനായ ശിഷ്യന്‍ തന്നേയായിരുന്നു കോയമ്പത്തൂര്‍ രാഘവയ്യര്‍
1872 ല്‍ തിരുവനതപുരത്ത്‌ വെച്ചു നടന്ന ഒരു സദിരില്‍ അദ്ദേഹം ആ സമയത്ത്‌ സംഗീതരംഗത്തെ മുടിചൂടാമനായിരുന്ന മഹാവൈദ്യനാഥയ്യരുമായി മത്സരിച്ചു പാടി ആയില്യം തിരുനാള്‍ രാജാവില്‍ നിന്നും അമൂല്യമായ പുരസ്കാരങ്ങള്‍ നേടി. ഗിരിപൈ.. ' എന്ന ത്യാഗരാജ കൃതിയുടെ ആലാപനത്തിലൂടെ പ്രശസ്തനായ ബിഷന്ദര്‍കോയില്‍ സുബ്ബരായര്‍ തിരുവനതപുരത്തെത്തിയപ്പോള്‍ ഒരു കച്ചേരിക്ക്‌ പരമേശ്വര ഭാഗവതരെ വെല്ലുവിളിച്ചു എന്നും ഗുരുവിനു മുന്‍പ്‌ തന്നെ തോല്‍പ്പിച്ചതിനു ശേഷം ഗുരുവിനെകണ്ടാല്‍ മതിയെന്നുമാവശയപ്പെട്ട രാഘവയ്യര്‍ സുബ്ബരായരെ പരാജയപ്പെടുത്തുകയും പരമേശ്വരഭാഗവതരോട്‌ മത്സരിക്കാതെ സുബ്ബരായര്‍ തിരിച്ചു പോയി എന്നും പറയപ്പെടുന്നു.
പരമേശ്വര ഭാഗവതരുടെ പുത്രന്‍ മഹാദേവ ഭാഗവതര്‍ പ്രശസ്തനായ വയലിന്‍ വാദകനായിരുന്നു. അദ്ദേഹത്തിന്‌ 18 വാദ്യങ്ങള്‍ വായിക്കുവാന്‍ അറിയുമായിരുന്നുവത്രെ. അദ്ദേഹത്തിന്റെ പുത്രന്‍ വീണവിദ്വാന്‍ പലക്കാട്‌ പരമേശ്വര ഭാഗവതര്‍(ചാമിഭാഗവതര്‍) 'ദാവൂസ്‌' എ ഒരു പുതിയ സംഗീത ഉപകരണം കണ്ടുപിടിച്ചിരുന്നു. മഹാദേവ ഭാഗവതരുടെ പൗത്രന്‍ സിംഗപ്പൂരിലുള്ള രാമകൃഷ്ണ ഭാഗവതര്‍ മുത്തച്ഛന്റെ വഴിയില്‍ സംഗീത സപര്യ ഇപ്പോഴും തുടരുന്നു. മഹാദേവ ഭാഗവതരുടെയും കോയമ്പത്തൂര്‍ രാഘവയ്യരുടെയും ശിഷ്യനാണ്‌ പ്രശസ്തനായ പാലക്കാട്‌ തൊണ്ടിക്കുളം അനന്തരാമ ഭാഗവതര്‍(1867-1919). മൈസൂര്‍ സംസ്ഥാനത്തെ ആസ്ഥാന വിദ്വാനായിരു ന്ന അദ്ദേഹം പാലക്കാട്‌ തൊണ്ടിക്കുളം അഗ്രഹാരത്തില്‍ ജനിച്ചു. പുരാണജ്ഞനായ കൃഷ്ണ ശാസ്ത്രിയായിരുന്നു പിതാവ്‌.ഏതാണ്ട്‌ 40 വര്‍ഷത്തോളം നീണ്ട സംഗീതസപര്യയിലൂടെ അദ്ദേഹം ദക്ഷിണഭാരതത്തിലാകമാനമുള്ള സംഗീതാസ്വാദകരുടെ ആരാധനാപാത്രമായി .മൈസൂര്‍ കൊച്ചി തിരുവിതാംകൂര്‍ രാജകുടുംബങ്ങളില്‍ നിന്നും ഒട്ടനവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. അനന്തരാമഭാഗവതര്‍ തമിഴ്‌നാട്ടിലെ കുംഭകോണത്ത്‌ താമസിച്ചിരുന്ന സമയത്ത്‌ തന്റെ ഗുരുവും ത്യാഗരാജ പരമ്പരയിലെ പ്രശസ്ത സംഗീതജ്ഞനും ആയ ഉമയാള്‍പുരം സ്വാമിനാഥ അയ്യരെ തന്റെ ശിഷ്യനായ മുണ്ടായ രാമഭാഗവതരെ കൂടുതല്‍ സംഗീതം അഭ്യസിപ്പിക്കാനായി ക്ഷണിച്ചു വരുതിയിരുന്നുത്രെ. അദ്ദേഹത്തിന്റെ സമകാലികന്‍ തയൊയിരുന്നു എണ്ണപ്പാടം വെങ്കിട്ടരാമ ഭാഗവതര്‍. സംഗീതത്തിനോടൊപ്പം തന്നെ ഹരികഥാകാലക്ഷേപത്തിലും അദ്ദേഹം പ്രശസ്തനായിരുന്നു.
മൂണ്ടായ രാമഭാഗവതര്‍ എന്ന പാലക്കാട്‌ രാമഭാഗവതര്‍ പലക്കാടിന്റെ സംഗീതത്തെ ഭാരതത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചു. വയലിന്‍ സി.ആര്‍. മണി അയ്യരും മൃദംഗം സുബ്ബയ്യരുമായിരുന്നു രാമഭാഗവതരുടെ സ്ഥിരം പക്കമേളക്കാര്‍. അല്‍പം സഭാകമ്പമുള്ള കൂട്ടത്തിലായിരുന്നു എങ്കിലും സംഗീതത്തിന്റെ മാസ്മരികതയില്‍ ലയിച്ചു പാടുന്ന ഒരു തലത്തിലേക്കുയര്‍ന്നു കഴിയുമ്പോള്‍ ഭാവസമ്പൂര്‍ത്തിയുടേയും ഭക്തിയുടേയും ഉത്തുംഗതയിലേക്ക്‌ എത്തിപ്പെട്ടീരുന്ന അദ്ദേഹം ആസ്വാദക മനസ്സുകളില്‍ അനുഭൂതിയും ഒപ്പം ഭക്തിയുടെ വെളിച്ചവും പകര്‍ന്നിരുന്നു

പാലക്കാടിന്റെ സംഗീതം എന്ന്‌ അഭിമാനിക്കാവുന്ന ചെമ്പൈ ബാണിയുടെ പ്രോക്താവായ ചെമ്പൈ 1896 സെപ്റ്റെംബര്‍ 16 കോട്ടാ‍യിക്കടുത്തുള്ള ചെമ്പൈ ഗ്രാമത്തിലെ അനന്തരാമഭാഗവതരുടെയും വടകര ലോകനാര്‍കാവിനടുത്തുള്ള അഗ്രഹാരത്തിലെ പാര്‍വതിയമ്മളുടേയും മകനായി ജനിച്ചു . ചെമ്പൈ ഗ്രാമത്തില്‍ ജീവിച്ചു. അച്ഛന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഗുരുവും. .മുതുമുത്തച്ഛന്‍ ചക്രതാന സുബ്ബ അയ്യരും നല്ലൊരു വായ്പ്പാട്ടൂകാരനായിരുന്നു.അദ്ദേഹം 'താനം' പാടുമ്പോഴുള്ള ആസ്വാദ്യതയും പാടാന്‍ അദ്ദേഹത്തിനുണ്ടായിരുന്നു വൈദഗ്ധ്യവും മൂലം ഘന ചക്ര താനം സുബ്ബ അയ്യര്‍ എന്ന്‌ അദ്ദേഹം അറിയപ്പെട്ടു. സുബ്ബ അയ്യരുടെ മകന്‍ അനന്തഭാഗവതര്‍ ത്യാഗരാജ സ്വാമികളുടെയും ഷഡ്കാല ഗോവിന്ദമാരാരുടെയും സമകാലികനായിരുന്നു.അനന്തരാമഭാഗവതരുടെ പുത്രന്‍ വൈദ്യനാഥ ഭാഗവതരുടെയും പൗത്രനാണ്‌ ചെമ്പൈ .അച്ഛന്‍ അനന്തരാമഭാഗവതര്‍ നല്ലൊരു വയലിന്‍വാദകനും കൂടിയായിരുന്നു.ചെമ്പൈയുടെ ജ്യേഷ്ഠന്‍ സുബ്രഹ്മണ്യ അയ്യരും വായ്പാട്ടൂകാരനായിരുന്നു എട്ട്‌ വയസ്സില്‍ ആരംഭിച്ച്‌ 78 വയസ്സില്‍ ഗുരുവായൂരപ്പനില്‍ സ്വയം സമര്‍പ്പിച്ച്‌ കടന്നുപോകുന്നതു വരെ ശുദ്ധ സംഗീതത്തിന്റെ ഉപാസകനായിരുന്നു അദ്ദേഹം. കുഞ്ഞായ ചെമ്പൈ പാടുന്നത്‌ കേട്ട്‌ കൗതുകം പൂണ്ട രാജാക്കന്മാരും, പ്രഭുക്കന്മാരും കുട്ടിയെ കൊട്ടാരങ്ങളില്‍ കൊണ്ടുപോയി ദിവസങ്ങളോളം താമസിപ്പിച്ചിരുന്നുവത്രെ. ഒരു തവണ കടത്തനാട്‌ രാജാവിന്റെ വിരുന്നു കഴിഞ്ഞ്‌ വലിയൊരു പണക്കിഴിയുമായി അഞ്ചു വയസ്സുള്ള ഏട്ടന്‍ മഠത്തില്‍ വന്ന കഥ പറഞ്ഞുകേട്ടിട്ടുണ്ടെന്ന്‌ താരേക്കാട്‌ ഗ്രാമത്തില്‍ താമസിക്കുന്ന ചെമ്പൈയുടെ ബന്ധുവായ മീനാക്ഷി ഓര്‍ക്കുന്നു.
ചെമ്പൈയുടെ കച്ചേരി


ചെമ്പൈയുടെ അവസാന നിമിഷങ്ങളില്‍ കൂടെയുണ്ടായിരുന്ന ശിഷ്യന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി തന്നോട്‌ അവസാനമായി ഗുരു ഉപദേശിച്ച രണ്ടു കാര്യങ്ങള്‍ അനുസ്മരിച്ചു. ഒന്നാമത്തേത്‌ എവിടെയായിരുന്നാ‍ലും ഗുരുവായൂര്‍ ഏകാദശിക്ക്‌ അവിടെ പോയി പാടണം എത്‌. രണ്ട്‌, സംഗീതം ആഗ്രഹിച്ചുവരുന്ന ആര്‍ക്കും, ജാതിയോ മതമോ വര്‍ണ്ണമോ നോക്കാതെ അത്‌ അഭ്യസിപ്പിക്കുകയും, പാട്ടുകേള്‍ക്കാന്‍ ആഗ്രഹിച്ച്‌ ആവശ്യപ്പെടുവര്‍ക്ക്‌ ഞാനെന്ന ഭാവം കൂടാതെ അതു പാടിക്കൊടുക്കുകയും വേണം.
ചെമ്പൈ കര്‍ണ്ണാടക സംഗീതലോകത്തെ മുടിചൂടാമന്‍മാരായ അരിയക്കുടിക്കും ശെമ്മങ്കുടിക്കും സമശീര്‍ഷനായി ചെമ്പൈയെ കണക്കാക്കുന്നു. വായ്പ്പാട്ട്‌ കൂടാതെ വയലിനിലും തന്റെ പ്രാഗത്ഭ്യം തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്‌. പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ധന്‍ ടി ആര്‍ മഹാലിംഗത്തിന്റെ കച്ചേരിക്ക്‌ 1953 ജനുവരി 4 ന്‌ ചെമ്പൈ വയലിന്‍ വായിച്ചിരുന്നു.മൃദംഗ വിദ്വാന്‍ പാലക്കാട്‌ മണി അയ്യരുടെ വളരെ അടുത്ത സുഹൃത്തായിരുന്ന അദ്ദേഹത്തെ .വയലിന്‍ ചക്രവര്‍ത്തി ചൗഡയ്യ 1932 ല്‍ നിര്‍മ്മിച്ച ' വാണി' എ ന്ന സംഗീതസംബന്ധിയായ ഹ്രസ്വ ചിത്രത്തിലേക്ക്‌ തിരഞ്ഞെടുത്തിരുന്നു.


ആലാപനത്തിന്റെ പാരമ്പര്യവഴികളില്‍ നിന്നും കടുകിട മാറാതെ ഗുരുവിന്റെ മാര്‍ഗ്ഗത്തിലൂടെമാത്രം സംഗീതസപര്യ തുടര്‍ന്ന പുതുക്കോട്‌ കൃഷ്ണമൂര്‍ത്തി,പണ്ഡിതനായ ഗുരുനാഥന്‍ എന്നു പേരുകേട്ട സി .എസ്‌ കൃഷ്ണയ്യര്‍, കെ.വി നാരായണസ്വാമി, എം.എ കല്യാണകൃഷ്ണ ഭാഗവതര്‍, എം .ഡി രാമനാഥന്‍ , മുക്കൈ ശിവരാമകൃഷ്ണ ഭാഗവതര്‍. കുനിശ്ശേരി മണി അയ്യര്‍ ,പാലക്കാട്‌ മണി അയ്യരുടെ ഗുരുവായ മൃദംഗം സുബ്ബ അയ്യരുടെ സഹോദരപുത്രന്‍ സി.എസ്‌. മണിയയ്യര്‍,വടക്കഞ്ചേരി രാമഭാഗവതര്‍ എന്നിവരേയും സ്മരിക്കേണ്ടതുണ്ട്‌.

കെ.വി നാരായണസ്വാമി

അരിയക്കുടി രാമാനുജയ്യരുടെ പ്രിയശിഷ്യനായിരുന്ന കെ.വി. നാരായണസ്വാമി സഹൃദയര്‍ക്ക്‌ പ്രിയങ്കരനായിരുന്നു. കര്‍ണ്ണാടക സംഗീതത്തിന്‌ അദ്ദേഹവും തന്റേതായ സംഭാവനകള്‍ നല്‍കിയി'ട്ടു‍ണ്ട്‌. വിദേശരാജ്യങ്ങളില്‍ അദ്ദേഹം അനവധി കച്ചേരികള്‍ നടത്തി ആസ്വാദകസഹസ്രങ്ങളുടെ പ്രശംസയും അനേകം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്‌. രാഗങ്ങളുടെയും നിരവലുകളുടെയും ആലാപനത്തില്‍ സ്വന്തമായ ഒരു ശൈലി കൊണ്ടുവരാന്‍ അദ്ദേഹത്തിനായി.

പി. ലീല
കര്‍ണാടകസംഗീതത്തരംഗത്തെന്നപോലെ ചലച്ചിത്രഗാനരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച പി. ലീലയുടേ സ്വദേശം ചിറ്റൂരാണ്‌

എം .ഡി രാമനാഥന്‍മഞ്ഞപ്ര സ്വദേശിയായ എം.ഡി രാമനാഥന്റെ സംഗീതവഴി സമകാലികരായ ഗായകരുടേതില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒന്നായിരുന്നു. സാമ്പ്രദായികതയിലൂന്നിയുള്ള ആലാപനശൈലിയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന മേല്‍ക്കോയ്മ സഹൃദയമനസ്സുകളെ അദ്ദേഹത്തിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു. ടൈഗര്‍ വരദാചാരിയായിരുന്നു അദ്ദേഹത്തിന്റെ ഗുരു. കര്‍ണ്ണാടക സംഗീതത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടു കേട്ട എറ്റവും മൗലികതയുള്ള ബാണിയാണ്‌ എം.ഡി. രാമനാഥന്റെ സംഗീതം എന്നു അദ്ദേഹത്തിന്റെ ആരാധകര്‍ കരുതുന്നു.
വായ്പാട്ടിനോടൊപ്പം തന്നെ എടുത്തുപറയേണ്ട ഒരു പാരമ്പര്യം പാലക്കാടിന്‌ താളവാദ്യരംഗത്തും സുഷിരതന്ത്രിവാദ്യരംഗങ്ങളിലും ഉണ്ട്‌ എന്നുള്ളതും പ്രത്യേകം പരാമര്‍ശിക്കേണ്ടതു തയൊണ്‌. കൊടുവായൂര്‍ നൊച്ചൂര്‍ അഗ്രഹാരത്തില്‍ നിന്നുള്ള പ്രശസ്ത വയലിനിസ്റ്റ്‌ ഈറോഡ്‌ വിശ്വനാഥയ്യര്‍, അദ്ദേഹത്തിന്റെ സഹോദരന്‍ ഓടക്കുഴല്‍ വിദ്വാന്‍ എന്‍,ആര്‍ കൃഷ്ണയ്യര്‍, വീണവിദ്വാന്‍ ദേശമംഗലം സുബ്രമണ്യ അയ്യര്‍ മൃദംഗം സുബ്ബ അയ്യര്‍ അദ്ദേഹത്തിന്റെ പുത്രന്‍ മൃദംഗചക്രവര്‍ത്തി പാലക്കാട്‌ മണി അയ്യര്‍ ഇങ്ങനെ ഉപകരണസംഗീതവിദ്വാന്മാരുടെയും പാട്ടുകാരുടെയും പരമ്പര പിന്നെയും നീളുന്നു.
കര്‍ണ്ണാടകസംഗീതരംഗത്ത്‌ പാലക്കാടിന്റെ യശസ്സ്‌ ഉയര്‍ത്തിപ്പിടിക്കാന്‍ തക്ക കഴിവുള്ള ഒരു തലമുറ ഇവിടെ ഇപ്പോഴും ഉണ്ടെന്നു നിസ്സംശയം പറയാം. അവരില്‍ പ്രമുഖര്‍ കെ .എസ്‌. നാരായണസ്വാമി,ചെമ്പൈ കോദണ്ഡരാമന്‍,സോമശേഖരന്‍,നായര്‍, വെള്ളിനേഴി സുബ്രഹ്മണ്യന്‍,എന്‍.എച്ച്‌ . രാമസ്വാമി,സദനം ഹരികുമാര്‍ മണ്ണൂര്‍ രാജകുമാരനുണ്ണി,സുകുമാരി നരേന്ദ്രമേനോന്‍,പുതുപ്പരിയാരം ഉണ്ണികൃഷ്ണന്‍,ഹരീഷ്‌ നാരായണന്‍,ചെമ്പൈ വൈദ്യനാഥന്‍(ജൂനിയര്‍),പുതുക്കോട്‌ ശേഷാദ്രീശ്വരന്‍,ചേറ്റൂര്‍രാധാകൃഷ്ണന്‍ കുഴല്‍മന്ദം രാമകൃഷ്ണന്‍ എന്നി‍വരാണ്‌.
കുഴല്‍മന്ദം രാമകൃഷ്ണന്‍
തമിഴ്‌ ചലചിത്രഗാനരംഗത്തും ശാസ്ത്രീയ സംഗീതരംഗത്തും ഒന്നുപോലെ തിളങ്ങി നില്‍ക്കുന്ന താരമായ ഉണ്ണിക്കൃഷ്ണന്‍ അമ്മയായ ഹരിണി വഴി പാലക്കാട്ടുകാരന്‍ ആകുന്നു. നിരന്തരമായ അഭ്യസനം വഴി കച്ചേരികള്‍, യുവജനോല്‍സവവേദികള്‍, ചാനലുകളിലെ റിയാലിറ്റിഷോകള്‍ എന്നിവയില്‍ മാറ്റു തെളിയിച്ചു വളര്‍ന്നുവരുന്ന സമര്‍ഥരായ കൗമാരക്കാരുടെ ഒരു തലമുറയും നമുക്കുണ്ട്‌ എന്നതും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്‌.

6 Comments:

Blogger മൂര്‍ത്തി said...

റെഫറന്‍സായും ഇത്തരം പോസ്റ്റുകള്‍ ഉപകാരപ്പെടും..
നന്ദി..
തുടരുക...

7:20 PM  
Blogger കൃഷ്‌ | krish said...

കര്‍ണ്ണാടക സംഗീതത്തിന് കേരളത്തിന്റ് പ്രത്യേകിച്ചും പാലക്കാടിന്റെ സംഭാവനകളെക്കുറിച്ചുള്ള നല്ല ഒരു ലേഖനം തന്നെ ഇത്.

11:37 PM  
Blogger ശെഫി said...

ഇന്‍ഫര്‍മേറ്റീവ്‌

8:36 AM  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

നല്ലൊരു ലേഖനം
നല്ലതായിട്ടുണ്ട് മാഷെ നയിസ്.

8:57 AM  
Blogger തഥാഗതന്‍ said...

വളരെ നല്ല ലേഖനം
അഭിനന്ദനങ്ങള്‍

8:00 PM  
Blogger ജ | യേ | ഷ് said...

oru palakkadan kaattu adicha sukham ee blog kandappol...nelliyampathi malakale paschathalamaakki neendu nivarnnu kitakkunna vilayanchathanurile vayalukal..vallaathoru nashtam thanne...ethra naalayi onnu kandittu...:(

8:06 PM  

Post a Comment

Subscribe to Post Comments [Atom]

<< Home