Saturday, January 05, 2008

മയിലമ്മ-ഒന്നാം ചരമവാര്‍ഷികം


മയിലമ്മ ഒളിമങ്ങാത്ത ഒരോര്‍മയായിട്ട്‌ ഇന്നേക്ക്‌ ഒരു വര്‍ഷം തികയുന്നു.

2005 ഫെബ്രുവരി 6 നു'അവരുടെ ആത്മകഥാഖ്യാനമായ " മയിലമ്മ ഒരു ജീവിതം" എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനു ശേഷം പാലക്കാട്‌ പുത്തൂര്‍ മാതൃഭൂമിയില്‍ നിന്നും യാത്രപറഞ്ഞു പിരിയുമ്പോള്‍ കൈവീശിച്ചിരിച്ച്‌ മയിലമ്മ പറഞ്ഞു - 'ഇടയ്ക്ക്‌ വരണം പ്ലാച്ചിമടയ്ക്ക്‌.' ഓരോരോ കാരണങ്ങള്‍ കൊണ്ട്‌ പിന്നെ കാണാനുള്ള അവസരങ്ങള്‍ ഉടനെ ഉണ്ടായില്ല. 2006 ഒക്റ്റോബര്‍ 10 നു ആണ്‌ പിന്നെ അവരെ നേരിട്ടു കാണുന്നത്‌. ഇടക്കു വിളിച്ച്‌ സുഖാന്വേഷണങ്ങള്‍ നടത്തും. സങ്കടങ്ങളും പരിഭവങ്ങളും പറയും. എല്ലാത്തിനുമൊടുവില്‍ ഒരു പതിവുചിരിയും കേള്‍ക്കാം.
ഒരു ദിവസം പാലക്കാട്‌ വീട്ടില്‍ വരുന്നുണ്ട്‌ . ഒരു പാടു പറയാനുണ്ട്‌. ഫോണില്‍ സംസാരിച്ചാല്‍ ശരിയാവില്ല. ഒരുപാട്‌ പറയാനുള്ള ആ അവസരം പിന്നീടുകിട്ടുന്നത്‌ 2006 ഒക്റ്റൊബര്‍ 10നു ആയിരുന്നു. ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ മയിലമ്മയുമായി അഭിമുഖം റെക്കാര്‍ഡ്‌ ചെയ്ത ദിവസം പാലക്കാട്‌ നിന്നു രാമവര്‍മ്മപുരം വരേയും തിരിച്ച്‌ പാലക്കാട്‌ വരേയും അവര്‍ നിര്‍ത്താതെ സംസാരിച്ചു. ഒരു പാട്‌ വ്യസനിച്ചു. ചിരിച്ചു. സമരത്തില്‍ നിന്നുപിന്‍മാറിയതിനു ശേഷമുള്ള സ്ഥിതിഗതികളെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ കണ്ണു നിറഞ്ഞു. ആരോടും പരാതിയും പരിഭവവും ഇല്ല. തനിക്കു ശരിയെന്നു തോന്നുന്നത്‌ മാത്രം ചെയ്തു.സ്വന്തം ആളുകള്‍- തന്നെ തള്ളിപ്പറയുന്ന അവസ്ഥയില്‍ മറ്റുള്ളവരെക്കുറിച്ചെന്തു പരാതി പറയാന്‍ എന്നു പറഞ്ഞു. ഒരു കാര്യത്തില്‍ മാത്രം വലിയ വേദനയുണ്ട്‌. സമരപ്പന്തലില്‍ ഇരുന്ന കാലത്ത്‌ തന്നെ തലയില്‍ കയറ്റി വെച്ചവര്‍ തന്നെ സമരത്തില്‍ നിന്നു പിന്‍മാറിയപ്പോള്‍ തള്ളിത്താഴെയിട്ടതിനേക്കള്‍ വേദന ഈ കിഴവിയുടെ സദാചാരത്തിന്റെ നേരേപോലും കൈചൂണ്ടാന്‍ ചിലര്‍ ഉണ്ടായി എന്നതിലായിരുന്നു .
സാരമില്ല ,എല്ലാം ശരിയാവും എന്ന് ആശ്വസിച്ചും ആശ്വസിപ്പിച്ചും പിരിയാന്‍ നേരത്ത്‌ ചോദിച്ചു. 'കുറെ പുസ്തകം കൂടി വേണം മാതൃഭൂമി തന്ന 5 കോപ്പി ആര്‍ക്കും കൊടുക്കാന്‍ തികഞ്ഞില്ല. എല്ലാരും വേണമെന്നു പറയുന്നുണ്ട്‌. സന്ധ്യയായതിനാല്‍ സുല്‍ത്താന്‍ പേട്ടയിലെ മാതൃഭൂമി ബുക്സ്റ്റാള്‍ വരെ പോവാനുള്ള സമയമില്ലായിരുന്നു. അടൂത്തതവണയാവട്ടെ എന്നു സമാധാനിപ്പിച്ചു. ആകാശവാണിയുടെ അഭിമുഖം കേള്‍ക്കാന്‍ ഒരു ട്രാന്‍സിസ്റ്റര്‍ വാങ്ങണമെന്നുണ്ട്‌ എന്ന് ആഗ്രഹം പറഞ്ഞു. അഭിമുഖം പ്രക്ഷേപണം ചെയ്തപ്പോള്‍ വീണ്ടും വിളിച്ചു. ആകെ ഒരു സുഖമില്ല എന്നു പറഞ്ഞു. ശബ്ദത്തില്‍ നല്ല ക്ഷീണം. ഇനി എപ്പോഴാണു കാണുക എന്നു ചോദിച്ചു. അടുത്തു തന്നെ എന്നു പറഞ്ഞെങ്കിലും...
മനസ്സിന്റെ ക്ഷീണം ശരീത്തേയും ബാധിച്ചതായിരിക്കാം എന്നേ അപ്പോഴും വിചാരിച്ചുള്ളു. സോറിയാസിസ്‌ ആണെന്നും ചികില്‍സ തുടങ്ങിയെന്നും കേട്ടപ്പോഴും അസുഖം അത്രയും കൂടിയിരിക്കുമെന്നും അത്‌ മരണകാരണമാവും എന്നും ചിന്തിച്ചതേയില്ല. പിന്നീട്‌ കാണുന്നത്‌ സമരപ്പന്തലിനുമുന്നിലെ പെരുമരച്ചോട്ടിലെ അവസാനത്തെ ആ കിടപ്പാണ്‌ .അനാഥത്വവും അവഗണനയും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും ഒന്നുമോര്‍ത്ത്‌ മനസ്താപപ്പെടാതെ ചേതനയറ്റുള്ള കിടപ്പ്‌.

പച്ചനിറം വലിയ ഇഷ്ടമായിരുന്നു മയിലമ്മക്ക്‌. ഇനി കാണുമ്പോള്‍ ഒരു പച്ച സാരി വേണം എന്നും അന്നു പറഞ്ഞു... എനിക്കായി മയിലമ്മ ബാക്കിവെച്ച കടം ആ പച്ചസാരിയായിരുന്നു......വളരെക്കുറച്ചു കാലത്തെ പരിചയം മനസ്സില്‍ പടര്‍ത്തിയ പച്ചപ്പിനുപകരമായി ഞാന്‍ വീട്ടാന്‍ ബാക്കിവെച്ച കടം....

12 Comments:

Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

മയിലമ്മ എന്ന വീരനായികയെ ഓര്‍മ്മിപ്പിച്ച ഈ വിവരണം ഹൃദ്യമായി.

8:22 PM  
Blogger krish | കൃഷ് said...

സമരം നയിക്കാന്‍ പിന്തുണച്ചവര്‍ക്ക് പിന്നീട് മയിലമ്മയെ വേണ്ടാതായി. എല്ലാം ഒരു തരം രാഷ്ട്രീയക്കളികള്‍. അവരുടെ സമരം ലോകശ്രദ്ധപിടിച്ചുപറ്റിയതു വലിയ കാര്യം തന്നെ.
ഓര്‍മ്മക്കുറിപ്പ് നന്നായി.

10:13 PM  
Blogger Sanal Kumar Sasidharan said...

ഓര്‍മ്മകള്‍ പീലിവിടര്‍ത്തുന്ന മയിലമ്മ.
അക്ഷരപ്പച്ച ഉചിതമായി

10:25 PM  
Blogger അഭയാര്‍ത്ഥി said...

നൈര്‍ബല്യാന്ധ പ്രാണനെന്നല്ലാതെ ഒന്നും പറയാനില്ല.
ഇപ്പോളവരുടെ ശബ്ദം പ്രേതലോകത്തു നിന്നുയരുന്നുണ്ടാകും.
കാരണം സ്വര്‍ഗ്ഗലോകത്തെ ചഷകങ്ങളില്‍ പെപ്സിക്കോളയാണത്രെ.

4:52 AM  
Blogger ഉപാസന || Upasana said...

Good Feature
:)
upaasana

7:32 AM  
Blogger സജീവ് കടവനാട് said...

മയിലമ്മയുടെ ഓര്‍മ്മകള്‍ വീണ്ടെടുക്കുന്ന ലേഖനം ഉചിതമായി.

9:05 AM  
Blogger Gopan | ഗോപന്‍ said...

ഹൃദയ സ്പര്‍ശിയായ വിവരണം..
ഇനി മയിലമ്മ ഓര്‍മകളില്‍ മാത്രം..

2:02 PM  
Blogger അനാഗതശ്മശ്രു said...

സമയോചിതം
നന്ദി

8:45 PM  
Blogger സതീഷ്‌ said...

ഈ കാര്യത്തിലുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ നന്നായി അഭിനന്ദക്കട്ടെ

12:11 AM  
Blogger ഏ.ആര്‍. നജീം said...

ആരോടും പിണക്കവും പരിഭവവും ഇല്ലാതെ വിവാങ്ങിയ ആ വീരനായികയെ വേണ്ടപ്പെട്ടവര്‍ പോലും മറന്നപ്പോള്‍ ബൂലോകത്ത് ഒരോര്‍മ്മപ്പെടുത്തല്‍ എന്ത് കൊണ്ടും ഉചിതമായി..

മയിലമ്മയുടെ ഇഷ്ടനിറം പോലും ഈ പോസ്റ്റിന്റെ ഫോണ്ടിന് നല്‍കി അവരെ ആദരിച്ച ജ്യോതിയ്ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.....

11:41 AM  
Blogger Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

“കാരണം സ്വര്‍ഗ്ഗലോകത്തെ ചഷകങ്ങളില്‍ പെപ്സിക്കോളയാണത്രെ.“
ആവാതിരിയ്ക്കട്ടെ...

മയിലമ്മയ്ക്ക് ആദരാഞ്ജലികള്‍...

11:50 PM  
Blogger ദാസ്‌ said...

കേരളത്തിലെ സമീപകാല സമരങ്ങളില്‍ ഒരുപക്ഷെ രാഷ്ട്രീയേതരവും, ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ചതുമായ ഒന്നായിരിക്കും മയിലമ്മ നയിച്ച സമരം. നിലനില്‍പ്പിനുതന്നെ ഭീഷണിയായി, പണത്തിന്റെ പരുന്തുകള്‍ പറക്കുമ്പോള്‍ മയിലമ്മയെപ്പോലുള്ളവര്‍ക്ക്‌ പ്രതികരിക്കാതിരിക്കാനാവില്ല കാരണം സ്വന്തം തലമുറയേക്കാള്‍ വരും തലമുറയെക്കുറിച്ച്‌ അവര്‍ വേവലാതിപ്പെട്ടിരുന്നു. മയിലമ്മയുടെ നിഷ്കളങ്ക മുഖം ഇന്നും മനസ്സില്‍ മായാതെയുണ്ട്‌.

3:05 AM  

Post a Comment

Subscribe to Post Comments [Atom]

<< Home