Thursday, November 30, 2006

മേഴത്തോള്‍ അഗ്നിഹോത്രി

പന്തിരുകുലത്തിലെ പ്രഥമ പുത്രനാണ്‌ അഗ്നിഹോത്രി. ബ്രഹ്മദത്തന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യത്ഥാര്‍ത്ഥ നാമധേയം. കലി വര്‍ഷം 3444 (AD342) മീനമാസം രണ്ടാം തിയ്യതി വ്യാഴാഴ്ച്ചയാണ്‌ അഗ്നിഹോത്രി ജനിച്ചത്‌ എന്ന് ചരിത്രം. വരരുചിയും പത്നിയും ഉപേക്ഷിച്ച നവജാത ശിശുവിനെ നിളാതീരത്തു നിന്നും,വേമഞ്ചേരി മനയിലെ അന്തര്‍ജ്ജനം കണ്ടെടുത്ത്‌ വളര്‍ത്തി. വളരെ കുഞ്ഞുനാളിലേ കുട്ടിയില്‍ ഒരു ദിവ്യ ചേതസ്സ്‌ കാണപ്പെട്ടു. ഒരു ദിവസം അന്തര്‍ജ്ജനം കുളിയ്ക്കാനായി പുഴയിലേയ്ക്ക്‌ പോയപ്പോള്‍ കൂടെ ചെന്ന കുട്ടി,അവരുടെ താളിക്കിണ്ണത്തില്‍,പുഴമണല്‍ കൊണ്ടുണ്ടാക്കിയ ശിവലിംഗം പ്രതിഷ്ഠിച്ചുവെന്നും, വരന്തുട്ടിക്കടവില്‍ വെച്ച്‌ പുഴയുടെ ഗതി മാറ്റി ഒഴുക്കി എന്നും ഐതിഹ്യം. പുഴമണല്‍ കൊണ്ടുണ്ടാക്കിയ ശിവലിംഗം തിരുത്താലത്തില്‍(താളിക്കിണ്ണത്തില്‍) പ്രതിഷ്ഠിച്ചതു കൊണ്ട്‌ അത്‌ തിരുത്താല അപ്പനും പിന്നീട്‌ തൃത്താല അപ്പനും ആയി മാറി എന്ന് വിശ്വാസം. ഈ ക്ഷേത്രം നില്‍ക്കുന്നതിനു ചുറ്റും ഉള്ള നാട്‌ തൃത്താല എന്ന പേരില്‍ അറിയപ്പെടുകയുണ്ടായി.

ബുദ്ധ,ജൈന സംസ്കാരങ്ങളുടെ വ്യാപനം മൂലം,യജ്ഞ സംസ്കാരം ഇല്ലാതായി മാറിയ കാലമായിരുന്നു അത്‌. അഗ്നിഹോത്രി,യജ്ഞ സംസ്കാരത്തെ പുനരുത്ഥരിയ്ക്കാനായി 100 സോമയാഗങ്ങള്‍ നടത്തി. നൂറു സോമയാഗങ്ങള്‍ നടത്തുന്ന പുരുഷന്‍ ഇന്ദ്രപദത്തിന്‌ പ്രാപ്തനാണ്‌ എന്നാണ്‌ വിശ്വാസം. തൊണ്ണൂറ്റി ഒന്‍പതാമത്തെ യാഗം അവസാനിയ്ക്കുന്ന ദിവസം ഇന്ദ്രന്‍ നേരിട്ട്‌ യാഗശാലയില്‍ എത്തുകയും നൂറാമത്തെ യാഗം നടത്തുന്നതില്‍ നിന്നും പിന്തിരിയണമെന്ന് അഗ്നിഹോത്രിയോട്‌ അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു. എന്നാല്‍,അഗ്നിഹോത്രി, താന്‍ യാഗം നടത്തുന്നത്‌ ഇന്ദ്രപദവിയ്ക്കു വേണ്ടിയല്ല എന്നും,യജ്ഞസംസ്കാരത്തിന്റെ പുനരുത്ഥാരണം മാത്രമാണ്‌ തന്റെ ലക്ഷ്യം എന്നും അതു കൊണ്ട്‌ യാഗം നടത്താതിരിക്കാന്‍ പറ്റില്ല എന്നും ഇന്ദ്രനോട്‌ പറഞ്ഞു.

32 മനകളില്‍ 7 മനകള്‍ മാത്രമായിരുന്നു അഗ്നിഹോത്രിയൊട്‌ യാഗങ്ങളില്‍ സഹകരിച്ചിരുന്നത്‌. ദേവേന്ദ്രന്‍,ആ ഏഴ്‌ ഋത്വിക്കുകള്‍ക്കും അഗ്നിഹോത്രിയോടൊപ്പം,തനിയ്ക്ക്‌ തുല്യമായ പദവി നല്‍കുകയും നൂറാമത്തെ യാഗത്തിന്‌ ആശംസകള്‍ നേരുകയും ചെയ്തു എന്നും ഐതിഹ്യം.

അഗ്നിഹോത്രി യാഗങ്ങള്‍ നടത്തിയ സ്ഥലം പിന്നീട്‌ യജ്ഞേശ്വരം എന്നറിയപ്പെട്ടു. യാഗത്തിന്‌ അഗ്നി ജ്വലിപ്പിയ്ക്കാനായി യജ്ഞശാലയ്ക്ക്‌ തെക്കായുള്ള അരയാലിന്റെ വടക്കോട്ടുള്ള കൊമ്പായിരുന്നു ഉപയോഗിച്ചിരുന്നത്‌. ഇപ്പോഴും സോമയാഗങ്ങള്‍ക്ക്‌ അരണിയായി ഈ മരത്തിന്റെ കൊമ്പാണ്‌ കൊണ്ടു പോകുന്നത്‌.യാഗം നടക്കുന്ന സമയത്ത്‌ ഋത്വിക്കുകള്‍ക്കും,യജമാനനും,പത്തനാടിയ്ക്കും( യജമാന പത്നി) എന്തെങ്കിലും അസ്വാസ്ഥ്യങ്ങല്‍ ഉണ്ടായാല്‍ അവരെ ചികില്‍സിക്കനായി വൈദ്യമഠം എന്ന മനയിലെ വൈദ്യന്മാരെയാണ്‌ നിയോഗിച്ചിരുന്നത്‌. ഇവരെ ശാലാവൈദ്യര്‍ എന്ന പേരു കൊടുത്ത്‌ ആദരിയ്ക്കുകയും പിന്നീട്‌ ഈ കുടുംബത്തില്‍ പിറന്ന പുരുഷന്മാരെല്ലാം അഷ്ഠവൈദ്യന്മാരായി തീരുകയും ചെയ്തു.


അഗ്നിഹോത്രി,മന്ദനമിശ്ര എന്ന പേരില്‍ ഭാവനാവിവേകം,സ്ഫോടസിദ്ധി,ബ്രഹ്‌മസിദ്ധി എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു.

അഗ്നിഹോത്രി തന്റെ നൂറാമത്തെ യാഗം അവസാനിപ്പിച്ചത്‌ കലിവര്‍ഷം 3479ആമാണ്ട്‌(AD378),കുംഭമാസം 28ആം തിയ്യതി ചൊവ്വാഴ്ച്ച ആയിരുന്നുവെന്നും,അന്ന് അദ്ദേഹത്തിന്‌ 34 വര്‍ഷം,പതിനൊന്ന് മാസം 26 ദിവസം പ്രായമായിരുന്നുവെന്നും ചരിത്രം.

പിതാവായ വരരുചിയുടെ ശ്രാദ്ധത്തിന്‌,വായില്ലാക്കുന്നിലപ്പന്‍ ഒഴികെ ഉള്ള പതിനൊന്ന് പേരും അഗ്നിഹോത്രിയുടെ ഇല്ലത്തില്‍ ഒത്തു ചേരാറുണ്ടായിരുന്നതായി പറയപ്പെടുന്നു.

Tuesday, November 28, 2006

പറയി പെറ്റ പന്തിരുകുലം

വിക്രമാദിത്യ സദസ്സിലെ അംഗമായിരുന്ന,വരരുചി എന്ന ശ്രേഷ്ഠ ബ്രാഹ്‌മണന്‍,സുന്ദരിയായ പറയി,ആരെന്നറിയാതെ മോഹിക്കുകയും പിന്നീട്‌ വിവാഹം കഴിയ്ക്കേണ്ടി വരികയും ചെയ്യുന്നു. വിവാഹ ശേഷം അവര്‍ ഒരു നീണ്ട യാത്രയ്ക്കൊരുങ്ങുന്നു.

യാത്രയ്ക്കിടയില്‍ ആ സ്ത്രീ,പലതവണ ഗര്‍ഭിണി ആകുകയും പന്ത്രണ്ട്‌ സന്താനങ്ങള്‍ക്ക്‌ ജന്മം നല്‍കുകയും ചെയ്തു. ഒരോ കുഞ്ഞിനെ പ്രസവിയ്ക്കുമ്പോഴും,വരരുചി ചോദിയ്ക്കും

"വായ കീറിയിട്ടുണ്ടോ?"
ഉത്തരം "ഉണ്ട്‌" എന്നാണെങ്കില്‍

" വായ കീറിയിട്ടുണ്ടെങ്കില്‍ ഇരയും വിധിച്ചിട്ടുണ്ട്‌" എന്ന് ഉത്തരം നല്‍കി കുഞ്ഞിനെ ഉപേക്ഷിച്ച്‌ ആ സ്ഥലം വിട്ടു പോകും.

അങ്ങനെ പതിനൊന്ന് കുട്ടികളേയും ഉപേക്ഷിച്ചു. പന്ത്രണ്ടാമത്തെ കുഞ്ഞ്‌ ജനിച്ചപ്പ്പോള്‍ പതിവ്‌ ചോദ്യം ചോദിച്ചു ബ്രാഹമണന്‍. സ്ത്രീ സൂക്ഷിച്ച്‌ നോക്കിയപ്പോളാണ്‌ മനസ്സിലായത്‌ ആ കുഞ്ഞിന്‌ വായ ഇല്ല.

വായ ഇല്ലാത്ത കുഞ്ഞ്‌ ആണെന്നറിഞ്ഞപ്പോള്‍ വരരുചി പറഞ്ഞു
"വായില്ലാത്ത കുഞ്ഞിന്‌ ഇര എന്തിന്‌? അതിനെ അവിടെ ഉപേക്ഷിച്ചോളു"
അങ്ങനെ അവസാനം ജനിച്ച സന്തതി വായില്ലാക്കുന്നിലപ്പന്‍

ആദ്യത്തെ സന്താനമായ അഗ്നിഹോത്രി (മേഴത്തൂര്‍ ) മുതല്‍,അകവൂര്‍ ചാത്തന്‍,പാക്കനാര്‍,പാണനാര്‍,വടുതല നായര്‍,പെരുംതച്ചന്‍,ഉപ്പുകൊറ്റന്‍,രജകന്‍,വള്ളുവോന്‍(തമിഴ്‌നാടിലെ തിരുവള്ളൂവര്‍ എന്ന് വിശ്വാസം),നാറാണത്ത്‌ ഭ്രാന്തന്‍,വായില്ലാക്കുന്നിലപ്പന്‍ എന്നിങ്ങനെ പതിനൊന്ന് പുത്രന്മാരും, കാരയ്ക്കലമ്മ എന്ന പുത്രിയും അടങ്ങിയതാണ്‌ "പറയി പെറ്റ പന്തിരുകുലം"


പന്തിരു കുലത്തിലെ ഒരൊരുത്തരെ കുറിച്ചും ഉള്ള ഉപകഥകള്‍ എഴുതാനുള്ള ശ്രമമാണിത്‌. പാലക്കാട്‌ ജില്ലയിലെ തൃത്താല കേന്ദ്രീകരിച്ചാണ്‌ ഈ പന്തിരുകുല കഥകള്‍ മിക്കതും. ഉപകഥകള്‍ അറിയാവുന്ന അംഗങ്ങള്‍ക്ക്‌ സ്വാഗതം

Monday, November 27, 2006

വീഴുമല.

വീഴുമല (അഥവാ വീണമല).

പാലക്കാട്‌ ജില്ലയില്‍ ആലത്തൂരിനും (തെക്കും) ചിറ്റിലംചേരിക്കും (വടക്കും) ഇടയില്‍ കിഴക്ക്‌ പടിഞ്ഞാറായി നീണ്ട്‌ കിടക്കുന്ന 3-4 കി.മി. നീളമുള്ള ഒരു മല. ഇടതൂര്‍ന്ന വനവും ഒട്ടേറേ ഔഷധസസ്യങ്ങളും കാട്ടുജീവികളും ഉണ്ടായിരുന്ന, വനം വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ഈ മല കാലക്രമേണ അനധികൃധ കയ്യേറ്റത്തിന്‌ വിധേയമായി. വനം ചുരുങ്ങി ഇപ്പോള്‍ മൊട്ടക്കുന്നുകളും സ്വകാര്യ റബ്ബര്‍ പ്ലാന്റേഷനും കാണാം. വീഴുമലയുടെ കിഴക്കെ അറ്റം ഉയരം കുറവും പടിഞ്ഞാറെ അറ്റം ക്രമേണ ഉയരം കൂടിയുമാണ്‌. ഈ മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത്‌ വലിയ രണ്ട്‌ പാറകളുണ്ട്‌. രണ്ട്‌ പാറയുടെയും ഇടക്ക്‌ ഒരു വലിയ വിടവും. ഒരു പാറയില്‍നിന്നും വേറെ പാറയിലേക്ക്‌ ചാടാമെങ്കിലും തിരിച്ച്‌ ചാടാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്‌.. കാരണം പാറയുടെ കിടപ്പും നല്ല കാറ്റ്‌ വീശുന്ന ഇടവുമായതുകൊണ്ടാണ്‌. ഒന്ന്‌ തെറ്റിയാല്‍ തീര്‍ന്നില്ലേ..

നീണ്ടുകിടക്കുന്ന ഈ വീഴുമലക്ക്‌ കേട്ടുകേള്‍വിയുള്ള ഒരു ഐതിഹ്യമുണ്ട്‌.
പണ്ട്‌ സീതാദേവിയെ രാവണന്റെ അടുക്കല്‍നിന്നും വീണ്ടെടുക്കുന്നതിനായി രാമലക്ഷ്മണന്മാര്‍ ഹനുമാന്റെയും വാനരസേനയുടെയും സഹായത്തോടെ ലങ്ക ആക്രമിച്ച്‌ യുദ്ധം ചെയ്തപ്പോള്‍, രാവണന്റെ പുത്രനായ ഇന്ദ്രജിത്ത്‌ ദിവ്യമായ നാഗാസ്ത്രം പ്രയോഗിക്കുകയും നാഗാസ്ത്രത്തിന്റെ ദിവ്യശക്തിയാല്‍ രാമലക്ഷ്മണന്മാര്‍ അടക്കം പലരും ബോധമറ്റ്‌ യുദ്ധക്കളത്തില്‍ വീഴുകയും ചെയ്തു. ചേതനയറ്റ്‌ കിടക്കുന്ന ഇവരെ ഉടനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ - ജാംബവാന്‍ നിര്‍ദ്ദേശിച്ചു. കൈലാസപര്‍വ്വതനിരകളിലെ ഋഷഭാദ്രി മലയില്‍ കണ്ടുവരുന്ന വിവിധ അപൂര്‍വ്വ ഔഷധസസ്യങ്ങള്‍ പിഴിഞ്ഞെടുത്ത സത്ത്‌ ഉടന്‍ വേണം. ജാംബവാന്റെ ഉപദേശപ്രകാരം അപൂര്‍വ ഔഷധസസ്യങ്ങളായ മൃതസഞ്ജീവനി, വിശല്യകരണി, സന്താനകരണി, സുവര്‍ണകരണി എന്നിവ തേടി ഹനുമാന്‍ ഹിമാലയ പര്‍വ്വതനിരകളിലേക്ക്‌ പറന്നു. അവിടെയെത്തിയ ഹനുമാന്‍ ഔഷധസസ്യങ്ങളുടെ പേര്‌ മറന്നതുകാരണം ഏതാണെന്നറിയാതെ ആ ഔഷധസസ്യങ്ങള്‍ സ്ഥിതിചെയ്തിരുന്ന ഋഷഭാദ്രി മലയെ അടിയോടെ പൊക്കി തന്റെ കൈയ്യിലേന്തി ലങ്കയിലെ യുദ്ധക്കളത്തിലേക്ക്‌ പറന്നു. യാത്രാമദ്ധ്യേ കൈയ്യിലേന്തിയ ദിവ്യമലയുടെ ചെറിയ ചില ഭാഗങ്ങള്‍ അടര്‍ന്നു പല ഭാഗത്തായി വീണുവെന്ന്‌ പുരാണങ്ങളില്‍ പരാമര്‍ശം. അങ്ങിനെ ഹനുമാന്റെ കൈയില്‍ നിന്നും അടര്‍ന്നു വീണ ഒരു ചെറിയ മലയാണ്‌ "വീഴുമല" യെന്ന് ഐതിഹ്യം. ഈ വീഴുമലയില്‍ പണ്ട്‌ നിറയെ ഔഷധസസ്യങ്ങള്‍ കാണപ്പെട്ടിരുന്നു. പല ആയുര്‍വേദശാലക്കാരും ഇവിടെ നിന്നും ഈ ഔഷധസസ്യങ്ങള്‍ ശേഖരിച്ചിരുന്നു.

Wednesday, November 22, 2006

പ്രാദേശിക നിഘണ്ടു

അവസരം -അടിയന്തിരം
എന്താന്നും-എന്താണ്
കഞ്ചൂസന്‍ ‍-പിശുക്കന്‍
‍കല്‍ക്കുന്നന്‍ ‍-പഴുതാര
കൂട്ടുപാത -Junction
കൂട്ടുമുക്ക്-Junction
കൃഷി-നെല്‍കൃഷി
കേടായിരിക്ക്ണൂ-ക്ഷീണിച്ചു
ചടുക്കനെ-പെട്ടെന്ന്
ചേര് -കശുമാവ്
ചേരുമ്പഴം -കശുമാങ്ങ
ചീരഴിയുക-ബുദ്ധിമുട്ടുക
തൊടി-പറമ്പ്
നീലൂരം-ഒരു ചെടി
പങ്ക-ഫാന്‍
പാതീല്‍ -പാതയില്‍
പൊള്ള -ഉരുണ്ട,വീര്‍ത്ത
പൊള്ളക്കണ്ണന്‍ -ഉണ്ടക്കണ്ണന്‍
പൊള്ളം-ബലൂണ്‍
പോയെട്ക്കണൂ -പോയി
മനസ്സ് വിടണ്ട-വിഷമിക്കേണ്ട.
മരിപ്പ്-മരണം
മിണ്ടാണ്ടിരിക്ക്ണൂ-പണിയൊന്നുമില്ല
മൂച്ചി-മാവ്
മേഷ്-അധ്യാപകന്‍
മേഷുക്കുട്ടി -ചെറുപ്പക്കാരനായ അധ്യാപകന്‍
വന്നട്ക്കുണൂ-വന്നു
വരാട്ടോളീ-വരാം
വലിക്കുക-പറിക്കുക
വലിഞ്ഞ് പറയുക-ഉറക്കെപ്പറയുക
വഴങ്ങൂണ്-നിശ്ചയം
വേല-ഉത്സവം

Tuesday, November 21, 2006

കന്നുതെളി മല്‍സരത്തില്‍ നിന്ന്Sunday, November 19, 2006

ചില പാലക്കാടന്‍ ചിത്രങ്ങള്‍

ഒന്ന്‌ വേഗമാകട്ടെ.. സമയം പോകുന്നു.."
നെല്‍വയലുകളില്‍ നിന്നും കള പറിച്ചു മാറ്റുന്ന സ്ത്രീകള്‍.
നടുവൊന്ന്‌ നിവര്‍ക്കട്ടെ..മുതലാളി പോയെന്നാ തോന്ന്‌ണ്‌
..അമ്മിണ്യേ.. നീയിന്നലെ കണ്ട ആ പുതിയ സിനിമേടെ കഥ ബാക്കി പറയെടീ. (പണിക്കിടയില്‍ അല്‍പ്പമൊന്നു സൊള്ളുന്ന സ്ത്രീകള്‍)
മനുഷ്യന്റേയും കന്നിന്റേയും വീറും വാശിയും കരുത്തും തെളിയിക്കുന്ന കന്നുതെളി മല്‍സരത്തിന്റെ ഒരു ദൃശ്യം.
( കേരളത്തില്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രം നടത്താറുള്ള കന്നുതെളി കാളവണ്ടിയോട്ട മല്‍സരം പാലക്കാട്‌ കുഴല്‍മന്ദത്തിനടുത്ത്‌ ചിതലിയില്‍ വര്‍ഷംതോറും നടത്തിവരുന്നു.)

വശ്യം .. മനോഹരം..

എത്രയെത്ര പ്രണയങ്ങള്‍ മൊട്ടിട്ട്‌ വിടര്‍ന്നു ഇവിടെ. എത്രയെത്ര മനസ്സുകള്‍ക്ക്‌ സന്തോഷം നല്‍കി ഈ ഉദ്യാനം. (കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സ്കൂളുകളില്‍നിന്നും കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ ഒരു പ്രധാന വിനോദയാത്രാ കേന്ദ്രമായിരുന്ന മലമ്പുഴ ഉദ്യാനം.. പാലക്കാടിന്റെ മാത്രമല്ല.. കേരളത്തിന്റെ തന്നെ അഭിമാന ഉദ്യാനം.)
പാലക്കാട്‌ നഗരത്തിന്‌ കുടിവെള്ളവും ആയിരക്കണക്കിന്‌ പാലക്കാടന്‍ നെല്‍പ്പാടങ്ങള്‍ക്ക്‌ വെള്ളവും പ്രദാനം ചെയ്യുന്ന മലമ്പുഴ ഡാമിന്റെ മുന്നിലുള്ള ഉദ്യാനം. സഞ്ചാരികളുടെ ഒരു ആകര്‍ഷണകേന്ദ്രം.

(സമാഹരിച്ച ചിത്രങ്ങള്‍)

Friday, November 17, 2006

ചില പാലക്കാടന്‍ ദൃശ്യങ്ങള്‍


ടിപ്പു സുല്‍ത്താന്റെ കോട്ട
ഒരു സാധാരണ പാലക്കാടന്‍ കാഴ്ച്ച


കരിമ്പനകളില്‍ കാറ്റു പിടിയ്ക്കുമ്പോള്‍

Wednesday, November 15, 2006

അല്‍പം ചരിത്രം


സ്ഥലനാമപുരാണം

പാല മരങ്ങള്‍ വളര്‍ന്നു നിന്നിരുന്ന കാട്‌ പാലക്കാടായെന്ന്‌ ഒരു മതം.പാലി ഭാഷ (ജൈനന്മാരുടെ ഭാഷ) സംസാരിയ്ക്കുന്നവര്‍ വസിക്കുന്നിടം പാലീഘട്ടും പിന്നീട്‌ പാലക്കാടും ആയെന്ന്‌ വേറെ ഒരു മതം(നഗരത്തില്‍ നിന്നും
മൂന്ന് കിലോമെറ്റര്‍ ദൂരെ ഉള്ള ജൈനിമേട്‌ പണ്ട്‌ ജൈനവിഹാരമായിരുന്നു).

ചരിത്രം

എ.ഡി.ഒന്നാം നൂറ്റാണ്ട്‌ മുതല്‍ വളരെയേറെ വര്‍ഷങ്ങള്‍ ചേരമാന്‍ പെരുമാക്കന്മാര്‍ പാലക്കാട്‌ ഭരിച്ചതായി ചരിത്രം പറയുന്നു. അവര്‍ക്ക്‌ ശേഷം അവരുടെ ഉടയോന്മാര്‍ രാജ്യത്തെ പല ചെറു നാട്ടുരാജ്യങ്ങളാക്കി ഭരിച്ചു പോന്നു.പിന്നീട്‌ കാഞ്ചിയിലെ പല്ലവര്‍ മലബാര്‍ ആക്രമിച്ച്‌ കീഴടക്കിയപ്പോള്‍ പാലക്കാട്‌ ആയിരുന്നു അവരുടെ പ്രധാന ഇടത്താവളം.(പല്ലാവൂര്‍,പല്ലശ്ശേന,പല്ലവഞ്ചാത്തന്നൂര്‍ എന്നീ സ്ഥലനാമങ്ങള്‍ ഈ പല്ലവ അധിനിവേശത്തിന്‌ അടിവരയിടുന്നു). ശ്രീ. വില്യം ലോഗന്‍ തന്റെ മലബാര്‍ മാന്യുവലില്‍ ഇക്കാര്യം പരാമര്‍ശിയ്ക്കുന്നുണ്ട്‌

ഒന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നെടുമ്പുരയൂര്‍ നാടുടയവര്‍ എന്ന രാജാവ്‌,രാജ്യം ആക്രമിയ്ക്കാന്‍ വന്ന കൊങ്ങുനാട്‌ രാജാവിനെ ചിറ്റൂര്‍ വെച്ച്‌ യുദ്ധത്തില്‍ തോല്‍പ്പിച്ചു. ആ വിജയത്തിന്റെ ഓര്‍മ്മ പുതുക്കാനായി ഇപ്പോഴും ചിറ്റൂരില്‍ കൊങ്ങന്‍ പട എന്ന ഉത്സവം വര്‍ഷംതോറും കൊണ്ടാടുന്നു.

നെടുമ്പുരയൂര്‍ കുടുംബം പിന്നീട്‌ തരൂര്‍ രാജവംശം എന്നും പാലക്കാട്‌ രാജസ്വരൂപം എന്നും അറിയപ്പെട്ടു.

1757ഇല്‍ സമൂതിരി,പാലക്കാട്‌ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തി.സമൂതിരിയുടെ മേല്‍ക്കൊയ്മയില്‍ നിന്നും രക്ഷനേടാന്‍ പാലക്കാട്‌ രാജാവ്‌ മൈസൂരിലെ ഹൈദരലിയുടെ സഹായം തേടി. ഹൈദരലി സാമൂതിരിയെ യുദ്ധത്തില്‍ തോല്‍പ്പിച്ച്‌ പാലക്കാട്‌ തന്റെ കീഴിലാക്കി. പിന്നീട്‌ ഹൈദരലിയുടെ പുത്രനായ ടിപ്പു സുല്‍ത്താനായി പാലക്കാടിന്റെ ഭരണാധികാരി. ചരിത്രപ്രസിദ്ധമായ പാലക്കാട്‌ കോട്ട,ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതാണ്‌.

പക്ഷെ,പിന്നീട്‌ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായുള്ള ഉടമ്പടി പ്രകാരം,ടിപ്പു സുല്‍ത്താന്‍ തന്റെ അധീനതയിലുണ്ടായിരുന്ന മലബാര്‍ പ്രവശ്യകള്‍ ബ്രിട്ടീഷുകാര്‍ക്ക്‌ കൈമാറി.പിന്നീട്‌ ബ്രിട്ടീഷുകാര്‍ മലബാര്‍ ജില്ല രൂപീകരിക്കുകയും മദ്രാസ്‌ പ്രസിഡന്‍സിയോട്‌ ചേര്‍ക്കുകയും ചെയ്തു.കോയമ്പത്തൂരും,പൊന്നാനിയും ഒക്കെ മലബാര്‍ ജില്ലയുടെ ഭാഗങ്ങളായിരുന്നു. സ്വാതന്ത്ര്യലബ്‌ധിയോടെ കോയമ്പത്തൂര്‍ തമിഴ്‌നാട്ടിലേക്കും,പിന്നീട്‌ മലപ്പുറം ജില്ല വന്നപ്പോള്‍ പൊന്നാനിയും മറ്റു ഭാഗങ്ങളും മലപ്പുറം ജില്ലയിലേയ്ക്കും പോയി.

ഭാഷ

പാലക്കാടന്‍ ഭാഷ,സങ്കര ഭാഷയാണ്‌.
തനിതമിഴ്‌ സംസാരിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളും,മയിലാപ്പൂര്‍ തമിഴ്‌
സംസാരിക്കുന്ന അഗ്രഹാരങ്ങളും,ശുദ്ധമലയാളം സംസാരിക്കുന്ന
വള്ളുവനാടന്‍ ഗ്രാമങ്ങളും,അത്രയ്ക്ക്‌ ശുദ്ധമല്ലാത്ത മലയാളം സംസാരിക്കുന്ന,
പാലക്കാട്‌,മണ്ണാര്‍ക്കാട്‌,ആലത്തൂര്‍,ചിറ്റൂര്‍,കൊല്ലംകോട്‌ താലൂക്കുകളും
അടങ്ങിയ ഒരു സങ്കരഭാഷാ സംസ്കാരമാണ്‌ പാലക്കാടിന്റേത്‌

അങ്ങനെ അങ്ങനെ പാലക്കാടന്‍ പുരാണങ്ങള്‍ പറഞ്ഞാല്‍ തീരില്ല

പ്രിയ പാലക്കാട്‌കാരെ..

പാലക്കാടിന്റെ ചരിത്രവും മഹത്വവും ബൂലോഗത്തിലെത്തിയ്ക്കുകയും,ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന സര്‍ഗ്ഗാധനരായ പാലക്കാട്‌കാരെ ഒരു പൊതുവേദിയില്‍ ഏകോപിപ്പിക്കുകയുമാണ്‌ ഈ ഉദ്യമത്തിന്റെ ലക്ഷ്യം. ഇവിടെ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്ന പാലക്കാട്‌കാര്‍ ഒരു കമന്റ്‌ ഇട്ട്‌ അതില്‍ നിങ്ങളുടെ ഇ-മെയില്‍ ഐ.ഡി വെളിപ്പെടുത്തുകയോ അല്ലെങ്കില്‍ താഴെ പറയുന്ന വിലാസത്തിലേക്ക്‌ ഒരു മെയില്‍ അയച്ച്‌ നിങ്ങളുടെ മെയില്‍ ഐ.ഡി അറിയിക്കുകയോ ചെയ്യാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു..

palakkadankaat@gmail.com